കഴക്കൂട്ടം: ഒരിടവേളക്കുശേഷം തുമ്പ സ്റ്റേഷൻ പരിധിയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. ഇത്തവണ ഉപജീവനം തേടി കൊല്ലം പുനലൂരിൽ നിന്നെത്തിയ ഓട്ടിസം ബാധിച്ച കുട്ടി ഉൾപ്പെടുന്ന നിർധന കുടുംബത്തിന്റെ അന്നംമുട്ടിച്ചാണ് പ്രധാന റോഡുവക്കിൽ ഗുണ്ടകൾ അഴിഞ്ഞാടിയത്. ആക്കുളം നിഷിന് സമീപം അപൂർവ ഇനത്തിൽപെട്ട ആമ്പലുകൾ ചെടിച്ചട്ടിയിലും കാനകളിലും നട്ടുപിടിപ്പിച്ച് വിൽപനനടത്തുന്ന ഉദ്യാനം വാട്ടർ പ്ലാന്റ് നഴ്സറിയാണ് അക്രമികൾ അടിച്ചുതകർത്തത്.
ഞായറാഴ്ച രാത്രിയിൽ ആളില്ലാത്ത സമയത്ത് സ്ഥാപനത്തിൽ അതിക്രമിച്ച് കയറി വിൽപനക്കായി പ്രത്യക ചട്ടിയിൽ തയാറാക്കിവെച്ചിരുന്ന 30ഓളം ചെടികളാണ് നശിപ്പിച്ചത്. എല്ലാ ചെടികളും മൂടോടെ പിഴുതെടുത്ത് പലകഷണങ്ങളാക്കി നിലത്ത് വലിച്ചെറിഞ്ഞ നിലയിലാണ്. കൂടാതെ സ്ഥാപനത്തിലെ മറ്റ് വസ്തുക്കളും നശിപ്പിച്ചു.
ഏകദേശം മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ ശാന്തിയും ഭർത്താവ് ശിവപ്രസാദും പറഞ്ഞു. തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് മെഡിക്കൽ കോളജ് സി.ഐക്കും തുമ്പ പൊലീസിലും പരാതി നൽകി. പരാതി നൽകിയ ശേഷം തിങ്കളാഴ്ചയും സമാനരീതിയിൽ അക്രമം നടത്തുകയും ഒട്ടനവധി വിലപിടിപ്പുള്ള ചെടികൾ കടത്തിക്കൊണ്ട് പോവുകയും ചെയ്തു. തായ്ലന്റ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ഏറെ ആവശ്യക്കാരുള്ള അപൂർവയിനം ആമ്പൽ ഇനങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇവർക്ക് ഇറക്കുമതി ലൈസൻസ് ഇല്ലാത്തതിനാൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഇറക്കുമതി ചെയ്ത് അവരിൽനിന്നാണ് വാങ്ങുന്നത്. ചില ഇനങ്ങൾക്ക് 50000ത്തോളം രൂപ വിലയുണ്ട്.
ചെടിച്ചട്ടികളിലും ജലാശയങ്ങളിലും ഒരുപോലെ പരിപാലിക്കുന്ന അപൂർവയിനം ആമ്പലുകളായ ട്രോപ്പിക്കൽ, ഹാർഡി, ന്യുഒർലാൻഡ് ലേഡി, ഗാലക്സി, കാറോൺ ചാനോക്ക് തുടങ്ങിയവ. ഇവയാണ് നശിപ്പിക്കപ്പെട്ടതിൽ അധികവും. സംഭവസ്ഥലം സന്ദർശിച്ച പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.
വട്ടപ്പാറ സ്പെഷൽ സ്കൂളിൽ പഠിക്കുന്ന ഓട്ടിസം ബാധിച്ച മകന്റെ വിദ്യാഭ്യാസ സൗകര്യത്തിനായാണ് കുടുംബം വസ്തു പണയംവെച്ചും കടം മേടിച്ചും സ്വരൂപിച്ച പണമുപയോഗിച്ച് ഈ പ്ലാന്റ് നഴ്സറി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.