കഴക്കൂട്ടം: ഭർത്താവിന്റെ പെൻഷനുവേണ്ടി കൃത്രിമ രേഖകൾ തയാറാക്കിയെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണം നേരിടുന്ന കണിയാപുരം എ.ഇ.ഒയെ സ്ഥലംമാറ്റി. എ.ഇ.ഒ ഷീജയെയാണ് സ്ഥലംമാറ്റിയത്. ബുധനാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. കൊല്ലം തഴവ എ.വി.ജി.എച്ച്.എസ്.എസിലെ ജ്യോതി ടി.ജിയെ പകരം നിയമിച്ചു.
എ.ഇ.ഒ ഓഫിസിലെ നൂൺമീൽ ഓഫിസറും സൂപ്രണ്ടും നൽകിയ പരാതിയിലാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും രാഷ്ട്രീയ സമ്മർദം മൂലം അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്ന ‘മാധ്യമം’ വാർത്തക്കുപിന്നാലെയാണ് സ്ഥലംമാറ്റിയത്.
എ.ഇ.ഒയുടെ ഭർത്താവ് കാട്ടായിക്കോണം യു.പി സ്കൂളിലെ പ്രധാനാധ്യാപകനായിരിക്കെ കുട്ടികളുടെ ഉച്ചഭക്ഷണം, പിന്നാക്ക വിഭാഗക്കാർക്കുള്ള ഗ്രാൻറ് തുടങ്ങിവയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഓഫിസിൽ നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു.
പെൻഷൻ തടസ്സമില്ലാതെ കിട്ടാൻ, അധ്യാപക സംഘടനയുടെ നേതാവെന്ന സ്വാധീനമുപയോഗിച്ച് ഇദ്ദേഹം ഭാര്യയെ കണിയാപുരം എ.ഇ.ഒ ആയി നിയമിക്കുകയായിരുന്നെന്നും ആക്ഷേപമുയർന്നിരുന്നു. ഓഡിറ്റ് റിപ്പോർട്ട് നൽകും മുമ്പ് ബാധ്യതകൾ നിലനിൽക്കെ ഭർത്താവിന്റെ പെൻഷൻ സാധ്യമാക്കാൻ എ.ഇ.ഒ ചട്ടവിരുദ്ധമായി ബാധ്യതരഹിത പത്രം തയാറാക്കി കഴക്കൂട്ടം ട്രഷറിയിൽ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.