കഴക്കൂട്ടം: നിരോധിക്കപ്പെട്ട കൊല്ലിവലകൾ ഉപയോഗിച്ച് ഒരുവിഭാഗം നടത്തുന്ന അനധികൃത മീൻപിടിത്തം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മര്യനാട് ഇടവകയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ കഠിനംകുളം -മര്യനാട് തീരദേശറോഡ് ഉപരോധിച്ചു. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഏഴ് മണിക്കൂർ നീണ്ടു.
ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി സംഭവസ്ഥലത്തെത്തി സമരാനുകൂലികളുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിച്ചത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ വെള്ളിയാഴ്ചക്കകം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. മര്യനാട് ഇടവക വികാരി ഫാ. സൈറസ് കളത്തിൽ, തിരുവനന്തപുരം രൂപത മത്സ്യമേഖല ഡയറക്ടർ ഫാ. ഷാജിൻ ജോസ്, പുതുക്കുറിച്ചി വികാരി ഫാ. രാജശേഖരൻ, വാർഡ് അംഗം അഡ്വ. ജോസ് നിക്കോളാസ്, മത്സ്യത്തൊഴിലാളി പ്രതിനിധികളായ ജോസ്, ഫ്രഡി, ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സമരത്തിന് പിന്തുണയുമായി പുതുക്കുറിച്ചിയിലും വെട്ടുതുറയിലും സമാന രീതിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ജില്ലയിലെ തീരദേശപാതയിലേക്ക് പ്രവേശിക്കാൻ കഴിയാത്തരീതിയിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും സമരാനുകൂലികൾ മാർഗതടസ്സം സൃഷ്ടിച്ചിരുന്നു. ഉപരോധംമൂലം കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. സ്കൂൾ ബസ് ഉൾപ്പെടെ തടഞ്ഞതോടെ നിരവധി വിദ്യാർഥികൾക്കും സ്കൂളുകളിലെത്താൻ കഴിഞ്ഞില്ല. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കഠിനംകുളം പൊലീസ് എസ്.എച്ച്.ഒ അൻസാരി, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തീരമേഖലയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.