കഴക്കൂട്ടം: കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പ്കേസിൽ കഴക്കൂട്ടത്തെ മുൻ ട്രഷററും കരുനാഗപ്പള്ളി സബ് ട്രഷറിയിലെ ഇപ്പോഴത്തെ ട്രഷററുമായ എം. മുജീബിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇതോടെ പണംതട്ടലുമായി ബന്ധപ്പെട്ട് സസ്പെൻഷനായ ഉദ്യോഗസ്ഥരുടെ എണ്ണം ആറായി. കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതായി അന്വേഷണസംഘം അറിയിച്ചു.
കൂടുതൽ പേരിൽനിന്ന് പണം തട്ടിയിട്ടുണ്ടോ എന്നും വരും ദിവസങ്ങളിൽ പരിശോധിക്കും. ജില്ല ട്രഷറി ഓഫിസറുടെ പരാതിയിൽ സസ്പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കഴക്കൂട്ടം പൊലീസ് കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥെനക്കൂടി സസ്പെൻഡ് ചെയ്തത്.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുൾപ്പടെ നടപടികൾ ഉണ്ടാകുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ ജില്ല ട്രഷറി ഓഫിസർക്ക് കഴക്കൂട്ടം പൊലീസ് നോട്ടീസ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്തു. ശ്രീകാര്യം ചെറുവക്കൽ സ്വദേശിനി എം. മോഹനകുമാരിയുടെ പരാതിയിൽ രണ്ടരലക്ഷം രൂപ നഷ്ടപ്പെട്ടതിനും ജില്ല ട്രഷറി ഓഫിസറുടെ പരാതിയിൽ മരണപ്പെട്ട മൂന്നുപേരുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അഞ്ച് ജീവനക്കാരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.