കഴക്കൂട്ടം: തോന്നയ്ക്കൽ ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ആറ്റിങ്ങലിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിനാണ് തീപിടിച്ചത്. 36 യാത്രക്കാരുണ്ടായിരുന്നു. ബസ് ചെമ്പകമംഗലം ജങ്ഷനിലെത്തിയപ്പോൾതന്നെ ബ്രേക്ഡൗണായി. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ബസിനടിയിൽനിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഉടൻ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. പെട്ടെന്നുതന്നെ തീ ആളിപ്പടരുകയും ഉൾഭാഗം പൂർണമായി കത്തിനശിക്കുകയും ചെയ്തു.
ആറ്റിങ്ങലിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് സൂചന. ബസിന് 12 വർഷത്തോളം പഴക്കമുണ്ട്. മംഗലപുരം പൊലീസെത്തി ബസ് ആറ്റിങ്ങൽ ഡിപ്പോയിലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. സംഭവത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.