കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളത്ത് കെ.എസ്.ആർ.ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ കൊല്ലം മൈലക്കാട് സ്വദേശി അജിത്ത് കുമാറിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി.
അപകടം നടന്ന സ്ഥലം റൂറൽ എസ്.പി ഡി. ശിൽപ സന്ദർശിച്ചു. ഫോറൻസിക് സംഘവും മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ഇടുങ്ങിയ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്നും റൂറൽ എസ്പി പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെ പള്ളിപ്പുറം താമരകുളത്താണ് ദാരുണമായ അപകടം നടന്നത്.
അമിത വേഗതയിൽമറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസ് ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മണമ്പൂർ കാരൂർക്കോണം സ്വദേശി മഹേഷിന്റെ ഭാര്യ അനുവിന്റെ പ്രസവശേഷം എസ്.എ.ടി ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
മഹേഷ്, ഭാര്യ അനു, ഇവരുടെ നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞ്, മൂത്ത കുട്ടി വിഥുൻ(അഞ്ച്), അനുവിന്റെ മാതാവ് ശോഭ എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ സുനിൽ (40), ശോഭ (41), മഹേഷിന്റെ നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്.
മഹേഷ് മെഡിക്കൽ കോളജിലും ഭാര്യ അനു, മകൻ വിഥുൻ എന്നിവർ എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കല്ലമ്പലം: പള്ളിപ്പുറം അപകടത്തിൽ പൊലിഞ്ഞ മണമ്പൂർ നിവാസികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹങ്ങൾ ഉച്ചക്ക് രണ്ടരയോടെ വീടുകളിൽ എത്തിച്ചു. നൂറു കണക്കിനാളുകൾ വീട്ടിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് കണിയാപുരത്തിനു സമീപം പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്. ശോഭ, സുനിൽ എന്നിവർ സംഭവ സ്ഥലത്തു മരിച്ചു. അനുവിന്റെ പ്രസവം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം.
ഓട്ടോയിലുണ്ടായിരുന്ന ശോഭയുടെ മരുമകൻ മഹേഷ്, മകൾ അനു, അനുവിന്റെ മകൻ മിഥുൻ(4) എന്നിവർക്ക് പരുക്കേറ്റു. മഹേഷ് നിലവിൽ മണമ്പൂർ ഗവ.ആശുപത്രിയിലും അനു തിരുവനന്തപുരം എസ്.എ.ടി.യിലും ചികിത്സയിലാണ്. ശോഭയുടെ ഭർത്താവ് രാജു. മകൻ: അജിത്ത്. മരണപ്പെട്ട സുനിലിന്റെ ഭാര്യ പ്രീജ. മകൻ: അമ്പാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.