കഴക്കൂട്ടം: 30 വർഷമായി ടെക്കികളും മറ്റു ജോലിക്കാരും വന്നുപോകുന്ന ടെക്നോപാർക്കിലെ നിളാ സൈഡ് ഗേറ്റ് അടച്ച് പൂട്ടിയിട്ട് ആഴ്ച രണ്ടായി. നിള എന്നും വിക്കറ്റ് എന്നും യൂനിയൻ എന്നുമൊക്കെ പേരുള്ള ഈ ഗേറ്റ് അടച്ച് പൂട്ടിയതോടെ നൂറുകണക്കിന് ഐ.ടി പ്രഫഷനലുകളും സമീപം താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും ദുരിതം അനുഭവിക്കുകയാണ്.
ഒരാളിന് കടന്നുപോകാൻ കഴിയുന്ന ഈ ഇടനാഴി വഴി ടെക്കികൾക്കും മറ്റുള്ളവർക്കും എളുപ്പത്തിൽ വീട്ടിലെത്താനും യഥാസമയം ജോലിയിൽ പ്രവേശിക്കാനും കഴിയും. 200 ഓളം വീടുകളിൽ പേയിങ് ഗെസ്റ്റുകളും താമസിക്കുന്നുണ്ട്.
ചെറിയ നിരക്കിൽ താമസവും ഭക്ഷണവും കിട്ടുന്നതിനാൽ ശമ്പളം കുറഞ്ഞ ജീവനക്കാരാണ് ഈ പ്രദേശത്തുള്ളത്. ഇവരെക്കൊണ്ട് ഏകദേശം 200 ഓളം കുടുംബവും കഴിയുന്നു. 30 വർഷമായുള്ള സംവിധാനമാണ് പെട്ടെന്ന് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി അടച്ചു പൂട്ടിയത്. ഇതോടെ ഒരു പ്രദേശമാകെ ഒറ്റപ്പെട്ട അവസ്ഥയിലായി. നേരത്തേ പല ഘട്ടങ്ങളിൽ ഗേറ്റ് അടച്ചു പൂട്ടുന്നതിന് ടെക്നോപാർക്ക് സി.ഇ.ഒ ശ്രമം നടത്തിയെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് നടക്കാതെ പോയി.
എന്നാൽ, കൊച്ചി കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് സുരക്ഷാകാരണങ്ങൾ പറഞ്ഞാണ് നിലവിൽ അടച്ചുപൂട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. ബസ് മാർഗം കാര്യവട്ടത്തും അമ്പലത്തിൻകരയിലും എത്തിയ ശേഷം ടെക്നോപാർക്കിലേക്ക് വരുന്ന ക്ലീനിങ് നൂറുകണക്കിന് സ്ത്രീ തൊഴിലാളികളും അമ്പലത്തിൻകര, മുള്ളുവിള, നെട്ടയക്കോണം പ്രദേശങ്ങളിൽ താമസിക്കുന്ന ഐ.ടി. ജീവനക്കാരായവരും പ്രദേശവാസികളും ഉപയോഗിക്കുന്ന വഴിയാണിത്.
ഗേറ്റ് തുറന്ന് കിട്ടുന്നതിനായി വിവിധ പ്രതിഷേധ പരിപാടികളുമായി ആക്ഷൻ കൗൺസിലും പാർക്ക് ജീവനക്കാരുടെ സംഘടനകളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.