കഴക്കൂട്ടം: ടെക്നോപാർക്കിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതികളെ കയറിപ്പിടിക്കുന്ന പ്രതി പിടിയിൽ. കാച്ചാണി അയണിക്കാട് വിജി ഭവനിൽ വിഷ്ണു (33) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്.
നിരവധി യുവതികളെയാണ് ഇയാൾ ആക്രമിച്ചത്. ഒരു മാസം മുമ്പ് രാത്രി ഒരുമണിക്ക് ഇൻഫോസിസിനു മുന്നിൽ ഒരു യുവതിയെ ഇയാൾ കടന്നു പിടിച്ചിരുന്നു. കഴക്കൂട്ടം ശ്രീകാര്യം പൊലീസ്സ്റ്റേഷൻ പരിധിയിലും സമാനരീതിയിൽ ഇയാൾ യുവതികളെ ആക്രമിച്ചിട്ടുണ്ട്. ഡ്രൈവറായ വിഷ്ണു ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പതിവായി യുവതികളെ കടന്നുപിടിച്ചിരുന്നത്.
പലരും പരാതി പൊലീസിൽ വിളിച്ചറിയിക്കുമെങ്കിലും തുടർനടപടികൾക്ക് പോകാറില്ല. പല കോണുകളിൽ നിന്നും പരാതി ഉയർന്നെങ്കിലും ആളെ പിടികിട്ടാത്തത് പൊലീസിന് തലവേദനയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി നമ്പർ കാണാത്തവിധം തിരിച്ചുവെച്ചാണ് ഇയാൾ സഞ്ചരിച്ചിരുന്നത്.
യുവതികളെ കടന്നുപിടിച്ച ശേഷം ഒഴിഞ്ഞ സ്ഥലത്തെത്തി നമ്പർ പ്ലേറ്റ് തിരികെ വെച്ച് രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. നിരവധി സംഭവങ്ങൾ ഉണ്ടായതോടെ പ്രതി സഞ്ചരിച്ചത് ഹോണ്ട ഡ്രീംസ് ബൈക്കാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ സഹായത്തോടെ ഇത്തരത്തിലുള്ള ബൈക്ക് ഉടമകളുടെ വിലാസം ശേഖരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
വെള്ളിയാഴ്ച കുളത്തൂർ ഭാഗത്ത് ഇയാൾ ഒരു യുവതിയെ കടന്നുപിടിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച് തുമ്പ പൊലീസിനു കൈമാറുകയായിരുന്നു. പ്രതി സഞ്ചരിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.