കഴക്കൂട്ടം: കഴക്കൂട്ടം ഗുരുനഗർ ജങ്ഷനിൽ പുഷ്ബോക്സ് ടെക്നോളജിയിലൂടെ അണ്ടർപാസ് നിർമിക്കുന്നതിന്റെ സാധ്യതകൾ പഠിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ഗുരുനഗർ നിവാസികളുടെയും ടെക്കികളുടെയും ബുദ്ധിമുട്ട് ശ്രദ്ധയിൽപെടുത്തി കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
കഴിഞ്ഞദിവസം ജോൺ ബ്രിട്ടാസ് എം.പിക്കൊപ്പമാണ് ഡൽഹിയിലെ മന്ത്രിയുടെ ഓഫിസിലെത്തി എം.എൽ.എ മന്ത്രിയെ കണ്ടത്. അപ്പോൾതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ മന്ത്രി ദേശീയപാത അതോറിറ്റി കേരള റീജനൽ ഡയറക്ടർ പ്രദീപുമായും ഫോണിൽ ബന്ധപ്പെട്ടു.
ഗുരുനഗർ ജങ്ഷനിൽ അണ്ടർപാസ് പണിയുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ പ്രദീപ് വിശദീകരിച്ചു. അപ്പോൾ പുഷ്ബോക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് അണ്ടർപാസ് നിർമിക്കാനുള്ള സാധ്യത പഠിക്കാനും അതിനുള്ള പ്രോജക്ട് രൂപവത്ക്കരിക്കാനും മന്ത്രി നിർദേശം നൽകുകയായിരുന്നു.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന ഭാഗത്തെ പ്രധാന ജങ്ഷനാണ് ഗുരുനഗർ ജങ്ഷൻ. നിലവിൽ ടെക്കികൾക്കും സമീപവാസികൾക്കും റോഡ് മുറിച്ച് എതിര്‍വശത്തേക്ക് കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇതിന് പരിഹാരമായി മുക്കോലക്കലിലും ടെക്നോപാർക്ക് ഫേസ് ത്രീക്ക് സമീപവുമായി രണ്ട് അടിപ്പാത നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 25.78 കോടി ദേശീയപാത അതോറിറ്റിക്ക് അനുവദിച്ചിരുന്നു.
ഈ അണ്ടര്പാസുകള്ക്കൊപ്പം നിർമിക്കേണ്ടതായിരുന്നു ഗുരുനഗര് ജങ്ഷനിലേയും അണ്ടർപാസ്. ഇവിടെയും വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയിലാണ്. ഇവിടെ അണ്ടര്‍പാസ് നിര്‍മിക്കാതിരിക്കാന്‍ ദേശീയപാത അതോറിറ്റി സാങ്കേതികത്വങ്ങള്‍ പറഞ്ഞു
കൈയൊഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയെ കണ്ടത്. മന്ത്രി കാര്യങ്ങൾ വിശദമായി കേട്ടുവെന്നും പരിഹാരം കാണാൻ ശ്രമിക്കാമെന്ന് വാഗ്ദാനം നൽകിയതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.