കഴക്കൂട്ടം: രാത്രി എട്ടിനുശേഷം ഡോക്ടറില്ലാതെ പുത്തൻതോപ്പ് കുടുംബാരോഗ്യ കേന്ദ്രം. 30 കിടക്കകളടക്കം കിടത്തിച്ചികിത്സയുള്ള ആശുപത്രിയിലാണ് രാത്രികാലത്ത് ഡോക്ടർ സേവനമില്ലാത്തത്. നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയെങ്കിലും പകരക്കാരൻ എത്തിയിട്ടില്ല. എട്ടിനു ശേഷം ഫാർമസിയുടെ സേവനവും ലഭ്യമല്ല.
തീരദേശ -കയർ മേഖല ഉൾപ്പെടെ സാധാരണ ജനങ്ങൾ വസിക്കുന്ന പ്രദേശത്തെ ആശുപത്രിയാണിത്. കഠിനംകുളം പഞ്ചായത്തിലെയും നഗരസഭയുടെ കഴക്കൂട്ടം, ചന്തവിള , കാട്ടായിക്കോണം വാർഡുകളിലെ ജനം ആശ്രയിക്കുന്നതും ഈ ആശുപത്രിയെയാണ്. കിലോമീറ്ററുകൾ താണ്ടി മെഡിക്കൽ കോളജിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും പോകേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. 24 മണിക്കൂറും ആംബുലൻസ് സേവനമുണ്ടായിരുന്ന ആശുപത്രിയിൽ കഴിഞ്ഞ ഒന്നരമാസക്കാലമായി അതുമില്ല. നേരത്തേയുണ്ടായിരുന്ന ഡ്രൈവർ ശമ്പളം കുറവായതിനാൽ വരാതായി. രാത്രിയിൽ അടിയന്തര മരുന്നുകൾ വേണ്ടിവന്നാൽ പുറത്തുനിന്ന് വാങ്ങണം.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് പുത്തൻതോപ്പ് ആശുപത്രി പ്രവർത്തിക്കുന്നത്. 24 മണിക്കൂറും ഡോക്ടറുടെ സേവനം വേണമെന്ന് ചൂണ്ടിക്കാട്ടി പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ് എൻ.ആർ.എച്ച്.എമ്മിന് മൂന്നുമാസങ്ങൾക്കുമുമ്പ് കത്ത് നൽകി. എന്നാൽ, ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഡോക്ടറെ നിയമിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.