തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സിറ്റി സര്‍ക്കുലര്‍ സർവിസുകൾക്കായുള്ള രണ്ടാം ഘട്ട ഇ-ബസുകള്‍ എത്തിത്തുടങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. ഐഷര്‍ കമ്പനിയുടെ 60 ഉം പി.എം.ഐ ഫോട്ടോണിന്റെ 53 ബസുകളുമാണ് വാങ്ങുന്നത്. ഒമ്പത് മീറ്റർ നീളമുള്ള ബസുകളാണിവ. നിലവിൽ 50 ഇ-ബസുകളാണ് നഗരത്തിൽ ഓടുന്നത്. ജൂലൈ അവസാനത്തോടെ 113 ബസുകളും സിറ്റി സര്‍ക്കുലറിന്റെ ഭാഗമാകും. ഡീസല്‍ ബസുകളില്ലാത്ത സംസ്ഥാനത്തെ ആദ്യഹരിതനഗരമായി തലസ്ഥാനത്തെ മാറ്റാനാണ് നീക്കം. നിലവിലുള്ള ഡീസല്‍ ബസുകള്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് മാറ്റും.
സിറ്റി സര്‍ക്കുലര്‍ ബസുകളുടെ ടിക്കറ്റ് നിരക്ക് അഞ്ച് രൂപയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. നിലവിൽ 10 രൂപയാണ് ഒരു യാത്രക്കുള്ള ടിക്കറ്റ് നിരക്ക്. ദിവസം ഒരു ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ 46,000 യാത്രക്കാരുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ചതോടെയാണ് യാത്രക്കാര്‍ കൂടിയത്. വിശദമായ പഠനം നടത്തിയശേഷമാകും നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുയെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.