തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സി.എം.ഡിയും സര്‍ക്കാറും തമ്മില്‍ ഇപ്പോള്‍ നടത്തുന്നത് നാടകമെന്ന് എം. വിന്‍സെന്റ് എം.എല്‍.എ. ജീവനക്കാരുടെ ശമ്പളം നല്‍കാത്തതില്‍ ഒന്നാംപ്രതി സര്‍ക്കാറും രണ്ടാം പ്രതി മാനേജ്മെന്റുമാണ്. സി.എം.ഡിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് വിളിച്ച വാർത്തസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞദിവസം കൈക്കൂലിക്കേസില്‍ സ്റ്റേറ്റ് വിജിലന്‍സിന്റെ പിടിയിലായ കെ.എസ്.ആർ.ടി.സി ഡി.ജി.എം ഉള്‍പ്പെടെ പല അഴിമതിക്കാരും സി.എം.ഡിയുടെ ഏറ്റവും അടുപ്പക്കാരാണ്. ഈ ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികള്‍ സി.എം.ഡിക്ക് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിട്ടും അതില്‍ നടപടി സ്വീകരിച്ചില്ല.
കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി യൂനിയന്‍ അംഗങ്ങളായ തൊഴിലാളികളുടെ കൈയിൽനിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങിയാണ് മാസവരിയും ക്ഷേമനിധിയും
അടക്കമുള്ള ഫണ്ട് വാങ്ങുന്നത്. അത് കഴിഞ്ഞ മാര്‍ച്ച് വരെ ഓഡിറ്റും ചെയ്തിട്ടുണ്ട്.
എന്നാല്‍, 2016നുശേഷമുള്ള കെ.എസ്.ആർ.ടി.സിയുടെ കണക്കുകള്‍ ഇതുവരെ ഓഡിറ്റ് ചെയ്ത് പൂര്ത്തിയാക്കാൽപോലും ചുമതലയേറ്റ് മൂന്ന് വര്‍ഷമായ ബിജു പ്രഭാകറിന് കഴിഞ്ഞിട്ടില്ല.
ഇത്തരത്തില്‍ സ്വന്തം ചുമതലകള്‍ പോലും ക്യത്യമായി നിര്‍വഹിക്കാന്‍ കഴിയാത്ത സി.എം.ഡിയാണ് ബിജു പ്രഭാകര്‍. ആ കഴിവുകേടുകള്‍ മറയ്ക്കാനാണ് ഇപ്പോള്‍ തൊഴിലാളികളെ പഴിപറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.