തിരുവനന്തപുരം: സംരംഭങ്ങളുടെ ആധുനികവത്കരണവും സുസ്ഥിരതയും ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പ്രീമിയം കഫെ ഇനി തിരുവനന്തപുരത്തും. ജില്ലയിലെ ആദ്യ പ്രീമിയം കഫെ സ്റ്റാച്യു ഗവൺമെന്റ് പ്രസിന് എതിർവശത്താണ് ആരംഭിക്കുക. ഈമാസം അവസാനമോ ജനുവരി ആദ്യമോ ഉദ്ഘാടനം നടത്താനാണ് ആലോചന.
ഈവർഷം ജനുവരിയിലാണ് രുചികരമായ വിഭവങ്ങൾ മനസ്സ് നിറയെ കഴിക്കുകയെന്ന ആപ്തവാക്യവുമായി കുടുബശ്രീ പ്രീമിയം കഫേകൾക്ക് തുടക്കംകുറിച്ചത്. തിരുവനന്തപുരത്ത് 40 പേർക്ക് ഇരുന്നുഭക്ഷണം കഴിക്കാൻ സാധിക്കുന്ന എ.സി റസ്റ്റോറന്റാണ് ആരംഭിക്കുന്നത്.
രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴു വരെയാണ് പ്രവർത്തന സമയം. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ഭക്ഷണം ഓർഡർ ചെയ്യാനാകും. വനിതസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം 15 മുതൽ 20 വരെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നുമുണ്ട്.
‘അനന്തപുരി പ്രീമിയം കഫേ’ എന്ന കഫെ യൂനിറ്റുകളുടെ കണ്‍സോർഷൻ യൂനിറ്റിനാണ് പ്രവർത്തന ചുമതല. നിലവിലുള്ള ഹോട്ടലുകൾ നവീകരിച്ച് പ്രവർത്തനമാരംഭിക്കുന്ന കഫെ സംസ്ഥാനത്ത് 14 ജില്ലകളിലും ആരംഭിക്കാനാണ് കുടുംബശ്രീ മിഷൻ പദ്ധതിയിടുന്നത്.
നിലവിൽ തൃശ്ശൂർ, കണ്ണൂർ, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്പെഷൽ സദ്യ ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ തനത് രുചികളുള്ള വിഭവങ്ങളാണ് കഫേയുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.