ജോൺ ഹെന്നടി, മനു
തിരുവനന്തപുരം: തലസ്ഥാനത്തേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തവനെയും ലഹരികടത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന കുപ്രസിദ്ധ ഗുണ്ടയെയും പൊലീസ് പിടികൂടി. ബംഗളൂരു ബെൻസൺ ടൗൺ മുദമ്മ ഗാർഡൻസ് നമ്പർ 22ൽ ജോൺ ഹെന്നടി (30), ആലപ്പുഴ ഹരിപ്പാട് കരുവാറ്റ ഇരട്ടക്കൊല കേസിലെ പ്രതി കരുവാറ്റ സ്വദേശി മനു (34) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ കുപ്രസിദ്ധ ഗുണ്ടയും തുമ്പ സ്വദേശിയുമായ ലിയോൺ ജോൺസണിൽ നിന്ന് 56 ഗ്രാം എം.ഡി.എം.എ തമ്പാനൂർ പൊലീസ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരികടത്തിൽ മനുവിനുള്ള പങ്ക് വ്യക്തമായത്. ലിയോണും മനുവും പൂജപ്പുര ജയിലിലെ തടവുകാരായിരുന്നു. ഈ ബന്ധം നഗരത്തിൽ ലഹരി എത്തിക്കുന്നതിലേക്ക് വഴിമാറുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് ജോൺ ഹെന്നഡി വഴിയാണ് മനു എം.ഡി.എം.എ എത്തിക്കുന്നത്.
ഇത് നഗരത്തിലെ ഗുണ്ടകൾ വഴി വിദ്യാർഥികളിലേക്കും ആവശ്യക്കാരിലേക്കും എത്തിക്കുകയുമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. തമ്പാനൂർ എസ്.എച്ച്.ഒ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്, ബിനുമോഹൻ, എഎസ്.ഐ രാജേഷ്, സി.പി.ഒമാരായ സുദീപ് ലാൽ, സുരജ്, വിഷ്ണു, അരുൺ, ഉഷ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.