നാഗർകോവിൽ: അസുഖം കാരണം കിടപ്പിലായ മുൻ അധ്യാപകനായ പിതാവിനെ പരിചരിക്കാതെ ദേഹോപദ്രവമേൽപ്പിച്ചു വരികയായിരുന്ന മകന് പിതാവ് നേരത്തെ സെറ്റിൽമെൻറായി എഴുതി നൽകിയ ആധാരം പത്മനാഭപുരം സബ് കലക്ടർ എച്ച്.ആർ. കൗശിക് റദ്ദാക്കിയ ശേഷം പ്രമാണം തിരികെ ഉടമയെ ഏൽപ്പിച്ചു.
മണ്ടയ്ക്കാട് അഴകൻ പാറ സ്വദേശി ജോൺ തോമസാണ് (75) ഭാര്യ തവശികനി അമ്മാൾ മരിച്ചശേഷം തനിച്ചാണ് താമസിച്ചു വന്നത്. മകൾ ചെന്നൈയിലും മകൻ കോയമ്പത്തൂരിലുമാണ് താമസം. ഇതിനിടയിൽ ജോൺ തോമസ് തന്റെ 1.37 ഏക്കർ വസ്തു മകന് എഴുതിനൽകിയിരുന്നു.
എന്നാൽ, മകൻ ഹോം നഴ്സിനെ ഏർപ്പാടാക്കുകയും പിതാവിന്റെ പെൻഷനിൽനിന്ന് അതിനുള്ള ചെലവ് ഈടാക്കുകയും ചെയ്തു. നാട്ടിൽ വരുന്ന സമയങ്ങളിൽ പിതാവിനെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. അതിനാൽ ആധാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്മനാഭപുരം സബ് കലക്ടർക്ക് മാർച്ചിൽ വയോജന അദാലത്തിൽ പരാതി നൽകിയിരുന്നു.
ഇതേക്കുറിച്ച് ജോൺ തോമസിന്റെ വീട്ടിലെത്തി അദ്ദേഹത്തോടും രണ്ട് മക്കളോടും കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ സബ് കലക്ടർ മണവാളക്കുറിച്ചി സബ് രജിസ്ട്രാർക്ക് ആധാരം റദ്ദാക്കാൻ ഉത്തരവ് നൽകി. പ്രമാണം സബ് കലക്ടർ നേരിട്ടു കൈമാറി . എന്തെങ്കിലും പീഡനമുണ്ടായാൽ കുളച്ചൽ പൊലീസിനോട് നടപടിയെടുക്കാനും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.