നാഗർകോവിൽ: കന്യാകുമാരിയിൽനിന്ന് കാരോട് വഴി തിരുവനന്തപുരത്തേക്കുള്ള നാലുവരിപ്പാതയുടെ പൂർത്തീകരണം വൈകും. നിലവിലെ സാഹചര്യത്തിൽ തമിഴ്നാട് പരിധിയിലുള്ള ഭാഗങ്ങളിലെ നിർമാണം സമീപകാലത്തൊന്നും പൂർത്തിയാകാനിടയില്ല. നാലു വർഷം മുമ്പ് പദ്ധതി രൂപരേഖ തയാറാക്കി പണികൾ തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
സ്ഥലം വിട്ടുനൽകിയവർക്ക് മതിയായ നഷ്ടപരിഹാര തുക നൽകുന്നതുമായി ബന്ധപ്പെട്ടും ജലാശയങ്ങൾ നികത്തുന്നതു സംബന്ധിച്ചും പരാതികൾ ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ റോഡ് പണിയാൻ വലിയതോതിൽ മണ്ണും പാറയുമടക്കം ആവശ്യമുണ്ട്. ഇത് വേണ്ടത്ര ലഭിക്കാത്തത് പ്രധാന തടസ്സമായി. ഇതിനിടെ ആദ്യ ടെൻഡറിന്റെ കാലാവധി കഴിയുകയും ചെയ്തു.
ഇതിനിടെ തമിഴ്നാട് സർക്കാർ മറ്റ് ജില്ലകളിൽനിന്ന് മണ്ണ് നൽകാൻ സന്നദ്ധത അറിയിച്ചു. തുടർന്ന് ഡിസംബറിൽ ആയിരത്തിൽപരം കോടിക്ക് വീണ്ടും ടെൻഡർ വിളിച്ചു. എന്നാൽ, ടെൻഡർ തുറന്ന് തുടർനടപടികൾക്ക് അധികൃതർ ഇനിയും തയാറായിട്ടില്ല. ജനുവരി മൂന്നിന് ടെൻഡർ തുറക്കുമെന്ന് അറിയിച്ചിരുന്നത് പിന്നീട് 19ലേക്ക് മാറ്റി.
ബജറ്റ് സമ്മേളനത്തിന് ഡൽഹിയിൽ പോയ കന്യാകുമാരി ലോക്സഭാംഗം വിജയ് വസന്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകിയിടുണ്ട്. പാതാ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രത്തിന്റെ അടിയന്തരമായി ഇടപെടൽ വേണമെന്നാണ് നിവേദനത്തിലെ ആവശ്യം.
കന്യാകുമാരി ജില്ലയുടെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് ലോക്സഭാംഗം ഓരോ പ്രാവശ്യം ഡൽഹിയിൽ പോകുമ്പോഴും മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകുന്നുണ്ട്. എന്നാൽ, നടപടികൾ ഉണ്ടാകുന്നുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ റോഡ് വികസനത്തിലെ അനിശ്ചിതത്വം തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.