നെടുമങ്ങാട്: എം.സി റോഡിൽ മണ്ണന്തല മുതൽ തൈക്കാട് വരെയുള്ള ഭാഗം വീതികൂട്ടലോ അറ്റകുറ്റപ്പണികളോ ചെയ്യാതെ അവഗണയിൽ. സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യ സംഭവമാകുന്നു. മണ്ണന്തലമുതൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് പ്രധാനമായും ഗതാഗതസ്തംഭനം ഉണ്ടാകുന്നത്.
കേശവദാസപുരം മുതൽ ആരംഭിക്കുന്ന എം.സി റോഡിൽ മണ്ണന്തല ജങ്ഷൻവരെ മാത്രമാണ് നാലുവരിപ്പാതയുള്ളത്. ഇതിനിടയിലുള്ള മരുതൂർ, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, പിരപ്പൻകോട് ജങ്ഷനുകളിൽ യാത്രക്കാർക്ക് ഏറെനേരം ബ്ലോക്കിൽ കിടക്കേണ്ട അവസ്ഥയാണ്. റോഡിന്റെ വീതി കൂട്ടുമെന്ന വാഗ്ദാനം അല്ലാതെ ഇതുവരെയും അതിനു വേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾപോലും ആരംഭിച്ചിട്ടില്ല.
വട്ടപ്പാറ എൽ.എം.എസ് സ്കൂൾ, ലൂർദ് മൗണ്ട് സ്കൂൾ, കന്യാകുളങ്ങര ഗവൺമെന്റ് ബോയ്സ്, ഗേൾസ് സ്കൂളുകൾ, തൈക്കാട് സ്കൂൾ, പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രി, കന്യാകുളങ്ങര താലൂക്കാശുപത്രി, കരകുളം പ്രാഥമികാരോഗ്യകേന്ദ്രം, വട്ടപ്പാറ പൊലീസ് സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത് ഈ പാതയോരത്താണ്.
കൊടും വളവുകളും വീതികുറഞ്ഞ റോഡും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും പ്രധാന കാരണമാകുന്നു. കൊടും വളവുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ പൊലിഞ്ഞത് നിരവധി ജീവനുകളാണ്.
മണ്ണന്തല വയമ്പാച്ചിറ, മരുതൂർ, ചിറ്റാഴ, വട്ടപ്പാറ അമ്പലനഗർ, വട്ടപ്പാറ ജങ്ഷൻ, കണക്കോട് തണ്ണിപാറ വളവ്, വേറ്റിനാട് വില്ലേജ് ഓഫിസിന് മുന്നിലത്തെ വളവ്, പിരപ്പൻകോട് ജങ്ഷനിലെ വളവ് എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടങ്ങളുണ്ടാകുന്നത്. അനധികൃതമായ പാർക്കിങ്ങുകളും റോഡ് കൈയേറിയുള്ള കച്ചവടവും ഒരുപരിധിവരെ എം.സി റോഡിലെ അപകടങ്ങൾക്ക് കാരണമാകുന്നു.
കൂടാതെ വട്ടപ്പാറ ജങ്ഷനിൽ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷനു മുമ്പിൽ പാതയോരത്ത് വിവിധ കേസുകളിൽപെട്ട വാഹനങ്ങൾ പിടിച്ചിടാറുണ്ട്.
റോഡ് കൈയേറിയുള്ള കച്ചവടങ്ങളാണ് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം. പള്ളിവിള, കന്യാകുളങ്ങര ചന്തകൾ കൂടുന്ന ദിവസങ്ങളിൽ പാതയോരത്ത് കച്ചവട സാധനങ്ങൾ നിറയും. കച്ചവടക്കാരും സാധനങ്ങൾ വാങ്ങാൻ വരുന്നവരും റോഡ് കൈയേറുന്നത് കാരണം വാഹനങ്ങൾക്ക് പോകുവാൻ ഏറെ ബുദ്ധിമുട്ടാണ്. മണ്ണന്തലമുതൽ തൈക്കാട് വരെ നാലുവരിപ്പാതയാക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴും ഇപ്പോൾ റീടാറിങ് മാത്രമേ സാധ്യമാകുകയുള്ളൂവെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചു. ഇതിനായി 5.15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.