നെടുമങ്ങാട്: ഗുണ്ടാനേതാവിന്റെ ബന്ധുവിന്റെ ജനമദിനാഘോഷത്തിൽ ഒത്തുകൂടിയ ഗുണ്ടകൾ പൊലീസുകാരെ വളഞ്ഞിട്ടുതല്ലി. സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ 12പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര് ഖാദി ബോർഡ് സമീപം മൊട്ടൽമൂട് കുഴിവിള വീട്ടിൽ സ്റ്റമ്പർ എന്നു വിളിക്കുന്ന അനീഷ്(30), നെടുമങ്ങാട് അരശുപറമ്പ് കിഴക്കുംകര വീട്ടിൽ രാഹുൽ രാജൻ(30), കരിപ്പൂര് വാണ്ട മുടിപ്പുര കുമാരി സദനത്തിൽ വിഷ്ണു(33), കരിപ്പൂര് വാണ്ട ത്രിവേണി സദനം വീട്ടിൽ പ്രേംജിത്ത് (37), കരിപ്പൂര് പനങ്ങോട്ടേല അഖിലേഷ് ഭവനിൽ അനൂപ്(20), മേലാംകോട് മൂത്താംകോണം പുളിമൂട്ടിൽ വീട്ടിൽ രാഹുൽ രാജ്(20), മൂത്താംകോണം തടത്തരികത്തു പുത്തൻവീട്ടിൽ രഞ്ജിത്ത്(30), നെട്ടിറച്ചിറ പന്തടിവിള വീട്ടിൽ സജീവ്(29), പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട സാന്ദ്ര ഭവനിൽ ജഗൻ(24), ആനാട് ഉണ്ടപ്പാറ കുഴിവിള സംഗീത ഭവനിൽ സജിൻ(24), തൊളിക്കോട് വിതുര കൊപ്പം വൃന്ദ ഭവനിൽ വിഷ്ണു(24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ജിതിൻ കൃഷ്ണ(28) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടാസംഘമാണ് പൊലീസിനെ ആക്രമിച്ചത്. തിങ്കളാഴ്ച നടക്കുന്ന ജന്മദിനത്തിൽ ഗുണ്ടകൾ ഒത്തുകൂടുന്നു എന്ന വിവരം ലഭിച്ച പോലീസ് അനീഷിനെ വിളിച്ചുവരുത്തി പരിപാടി നടത്തരുതെന്ന് പറഞ്ഞു. എന്നാൽ, തിങ്കളാഴ്ച നടത്താനിരുന്ന ആഘോഷം ഞായറാഴ്ച തന്നെ നടത്തി. മുക്കോലക്കലിലെ സഹോദരിയുടെ വീട്ടിൽ ഗുണ്ടകൾ എത്തിയെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകള്‍ കൂട്ടമായി ആക്രമിച്ചു. നെടുമങ്ങാട് സി.ഐ ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. എട്ട് ഗുണ്ടകളെ പൊലീസ് സാഹസികമായി പിടികൂടി. 12 പേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവരിൽ നാലുപേരെ പിന്നീട് പിടികൂടുകയായിരുന്നു.
ഇനിയും എട്ടുപേർ പിടിയിലാകാനുണ്ട്. അവർക്കായി പൊലീസ് തെരച്ചിൽ നടത്തുന്നു. കാപ്പാകേസില്‍ ഉള്‍പ്പെട്ട സ്റ്റമ്പര്‍ അനീഷ് ഉള്‍പ്പെടെ 12പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് സി.ഐ രാജേഷ്, എസ്.ഐമാരായ ഓസ്റ്റിന്‍, സന്തോഷ്‌കുമാര്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. അറസ്റ്റിലായ പ്രതികളെല്ലാം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.