നെടുമങ്ങാട് : കാത്തിരിപ്പുകൾക്കൊടുവില്‍ വഴയില-പഴകുറ്റി-നെടുമങ്ങാട് നാലുവരി പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. സ്ഥലമെറ്റെടുത്ത വസ്തുക്കളിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിത്തുടങ്ങി. നാലുവരിപ്പാതയിലെ ആദ്യറീച്ചില്‍ വരുന്ന കരകുളം മേല്‍പ്പാലത്തിന്റെ ടെന്ററിന് കാബിനറ്റ് അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് കെട്ടിടങ്ങള്‍, കടകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ പൊളിച്ചുമാറ്റിത്തുടങ്ങിയത്.
60-ലക്ഷം രൂപയ്ക്ക് കരാര്‍ ഏറ്റെടുത്ത കരാറുകാരനാണ് കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നത്. ഒക്ടോബര്‍ അവസാനത്തിനു മുമ്പ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് കരാറിലെ വ്യവസ്ഥ. ആദ്യ റീച്ചില്‍ പേരൂര്‍ക്കട, കരകുളം വില്ലേജുകളില്‍ നിന്നായി ഏഴ് ഏക്കര്‍ 81 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. 301ഭൂഉടമകളില്‍ നിന്നുമാണ് ഭൂമി ഏറ്റെടുത്തത്. ഇവര്‍ക്ക് പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി 190.57- കോടി രൂപ നല്‍കിയിരുന്നു. ഇതില്‍ 297- പേര്‍ക്ക് 172.6-കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ശരിയായ രേഖകള്‍ ഹാജരാക്കാത്ത നാല് പേര്‍ക്ക് മാത്രമാണ് ഇനി നഷ്ടപരിഹാര തുക കിട്ടാനുള്ളത്.
കരകുളം മേല്‍പ്പാലം നിര്‍മ്മിക്കേണ്ട ഭാഗത്തും കെട്ടിടം പൊളിക്കല്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. 765മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന് 58.7കോടിയാണ് ചെലവ് വരുന്നത്. കരകുളം പാലം ജങ്ഷനില്‍ നിന്നും 200മീറ്റര്‍ മാറി തുടങ്ങുന്ന മേല്‍പാലത്തിന് ഇരുവശങ്ങളിലുമായി 390മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും ഉണ്ടാകും. കൂടാതെ 15-മീറ്റര്‍ ടാറിങും 0.75മീറ്റര്‍ വീതിയില്‍ സെന്റര്‍ മീഡിയനും നിര്‍മ്മിക്കും. കരകുളം പാലം ജങ്ഷനേയും കെല്‍ട്രോണ്‍ ജങ്ഷനേയും ബന്ധിപ്പിക്കുന്നതാണ് മേല്‍പ്പാലം. ഒരു വശത്തു കിള്ളിയാറും മറുവശത്തു അരുവിക്കരയിൽ നിന്നും തലസ്ഥാനത്തിന് കുടിവെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുമായതിനാലാണ് ഇവിടെ മേൽപ്പാലം വേണ്ടിവന്നത്.
മൂന്ന് റീച്ചുകളായാണ് പാത നിർമാണം നടത്തുന്നത്. രണ്ടാം റീച്ചില്‍ അരുവിക്കര, കരകുളം, നെടുമങ്ങാട് വില്ലേജുകളില്‍ നിന്നായി 11 ഏക്കര്‍ 34 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. പുനരധിവാസ പാക്കേജ് ലാന്റ് റവന്യു കമ്മീഷണര്‍ അംഗീകരിച്ചിട്ടുണ്ട്. ഈ റീച്ചില്‍ ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിനായി 173.89 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോ മീറ്റർ ഉം നെടുമങ്ങാട് ഠൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കച്ചേരി നട വഴി 11-ാം കല്ലു വരെയുള്ള 1.240 കിലോ മീറ്റർ ഉള്‍പ്പെടെ 11.240 കി.മീ. റോഡാണ് നാലുവരി പാതയാക്കുന്നത്.
പദ്ധതിയ്ക്കായി 928.8 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. 15 മീറ്റർ ടാറിംഗും സെന്ററില്‍ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെ 21 മീറ്റർ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.