നെടുമങ്ങാട്: വിതുര പഞ്ചായത്ത് കമ്മിറ്റിയോഗം മാറ്റിവെച്ചത് താൽക്കാലിക നിയമനങ്ങൾ സംബന്ധിച്ച് ഭരണകക്ഷിയിലെ തർക്കത്തെതുടർന്ന്. ബുധനാഴ്ച വിളിച്ചുചേർത്ത പഞ്ചായത്തു കമ്മിറ്റിയിൽ പ്രസിഡൻറും വൈസ് പ്രസിഡന്റും പങ്കെടുക്കാത്തതിനാൽ യോഗം കൂടിയത് പ്രതിപക്ഷ അംഗത്തിന്റെ അധ്യക്ഷതയിൽ. പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കമ്മിറ്റിക്കിടയിലെ സംഭവങ്ങൾക്കു കാരണമായി ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നത്.
തൊഴിലുറപ്പുവിഭാഗത്തിൽ പ്രോജക്ട് അസിസ്റ്റൻറ്, ഡാറ്റാ എൻട്രി ഓപറേറ്റർ കം അക്കൗണ്ടൻറ് തുടങ്ങിയ തസ്തികകളിലേക്ക് അഭിമുഖം കഴിഞ്ഞിരുന്നു. നിയമനതീരുമാനം ബുധനാഴ്ചത്തെ ചർച്ചയിലെ അജൻഡയായിരുന്നു. ഇത് ഒഴിവാക്കണമെന്ന് സി.പി.ഐ അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് കമ്മിറ്റി മാറ്റിവെക്കാൻ ഭരണപക്ഷം തീരുമാനിച്ചത്. എന്നാൽ, പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ അംഗങ്ങൾ ഒപ്പിട്ടതോടെ കമ്മിറ്റി കൂടേണ്ട സ്ഥിതിയായി.
രാവിലെ 11 നാണ് യോഗം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്തുതന്നെ ആകെയുള്ള 17 അംഗങ്ങളിൽ 15 പേർ മിനിറ്റ്സിൽ ഒപ്പിട്ടു. സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരും എത്തി. എന്നാൽ, യോഗാധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റ് എത്തിയിരുന്നില്ല. 12 മണിയായിട്ടും യോഗം ആരംഭിക്കാത്തതിനെതുടർന്ന് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേരാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയാറാകാതെവന്നതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധമുയർത്തി. ഇതിനിടയിൽ യോഗം മാറ്റിവെക്കണമെന്ന ആവശ്യം ഭരണപക്ഷത്തെ അംഗങ്ങൾ ഉന്നയിച്ചു. ഭൂരിപക്ഷം അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്തതിനാൽ യോഗം മാറ്റിവെക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ഇതോടെ എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
ഒടുവിൽ പ്രതിപക്ഷ അംഗവും ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ കോൺഗ്രസിലെ മേമല വിജയന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ഒരു മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് ഹാളിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. എന്നാൽ, അടുത്ത അജൻഡ ചർച്ചചെയ്യുന്നതിനിടെ യോഗം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്നതായി പ്രസിഡന്റ് അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ യോഗം മാറ്റിവെക്കുന്നതായി സെക്രട്ടറിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.