നെടുമങ്ങാട്: തിരക്കേറിയ നെടുമങ്ങാട് -ചെങ്കോട്ട ദേശീയപാതയിൽ കല്ലമ്പാറ വിവിധ കേസുകളിൽപെടുന്ന വാഹനങ്ങളുടെ ശവപ്പറമ്പ്. പൊലീസും മോട്ടോർ വാഹന വകുപ്പും കസ്റ്റഡിയിലെടുക്കുന്നതും വിവിധ കേസുകളിൽ ഉൾപ്പെടുന്നതുമായ നിരവധി വാഹനങ്ങളാണ് റോഡിന്‍റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നത്. ഇത് യാത്രാബുദ്ധിമുട്ടുണ്ടാക്കുന്നു.
നൂറുകണക്കിന് വാഹനങ്ങളും വിദ്യാർഥികളും മറ്റ് യാത്രക്കാരും കടന്നു പോകുന്നതാണ് കല്ലമ്പാറ -ഹൗസിങ് ബോർഡ് റോഡ്. ഇഴജന്തുക്കളും തെരുവുനായ്ക്കളും വാഹനങ്ങൾക്കുളളിൽ സ്ഥിരതാമസമാക്കുകയും വഴിയാത്രക്കാർക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നു.
പലർക്കും കടിയുമേറ്റിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ മുതൽ എക്സ്കവേറ്റർ വരെ ഇവിടെയുണ്ട്. പല വാഹനങ്ങളും ദ്രവിച്ച് ഉപയോഗ ശൂന്യമായവയാണ്. മാസങ്ങൾക്കുമുമ്പ് ഇവിടെ കൂട്ടിയിട്ടിരുന്ന വാഹനങ്ങളിൽ വൻ തീപിടിത്തമുണ്ടായി ലക്ഷങ്ങളുടെ നഷ്ടത്തിനുമിടയായി.
സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇവിടെ പാർക്ക് ചെയ്ത വാഹനങ്ങളിൽനിന്ന് വിലകൂടിയ വാഹന സ്പെയർപാർട്സ് എടുത്തുകൊണ്ടുപോകുന്നതും നിത്യസംഭവമാണ്. മുമ്പ് പഴയ താലൂക്ക് ഓഫിസിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അവിടെ നിന്ന് മാറ്റി കല്ലമ്പാറക്കു സമീപം കൊണ്ടുവന്ന് കൂട്ടിയിട്ടിരിക്കുന്നത്.
2021 ജൂണിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ഉത്തരവ് പ്രകാരം സ്റ്റേഷൻ പരിസരങ്ങളിലും ഗതാഗതതടസ്സം സൃഷ്ടിക്കുന്ന റോഡുകൾക്ക് ഇരുവശങ്ങളിലും പാർക്ക് ചെയ്ത വാഹനങ്ങൾ എടുത്തുമാറ്റണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവൊന്നും കണക്കിലെടുക്കാതെ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ട് ഇപ്പോഴും പഴയനില തന്നെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.