നെടുമങ്ങാട്: മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികളെക്കുറിച്ച് നേരിട്ടുള്ള പരിശോധന ഉണ്ടാകുമെന്നും പല വാതിലുകളും മുട്ടിയ ശേഷമാണ് അപേക്ഷകർ മുഖ്യമന്ത്രിയുടെ പരിപാടിയിലെത്തിയതെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നവകേരള സദസ്സിന്റെ ജില്ലയിലെ ആദ്യ നിയോജക മണ്ഡലംതല അവലോകന യോഗം നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വകുപ്പിലും ലഭിച്ച അപേക്ഷകൾ, സ്വീകരിച്ച നടപടി, ഏതുനിലയിൽ പരിഹരിച്ചു എന്നിങ്ങനെ വിശദമായ അവലോകനം നടന്നു. കുടിവെള്ളക്ഷാമം പിടിമുറുക്കിയ പൂവത്തൂർ, ചെരുക്കൂർകോണം എന്നിവിടങ്ങളിൽ പുതുതായി വാട്ടർ കണക്ഷൻ അനുവദിച്ചതായി ജല അതോറിട്ടി അധികൃതർ വിശദീകരിച്ചു. ജല അതോറിട്ടിയിൽ 53 അപേക്ഷകളാണ് ലഭിച്ചത്.
റവന്യൂ വിഭാഗം 251 അപേക്ഷകളിൽ 70 എണ്ണം തീർപ്പാക്കി. 130 റീസർവേ പരാതികളിൽ ഒന്നിലും പരിഹാരമായില്ല. തരംമാറ്റം, പട്ടയം പ്രശ്നങ്ങൾ അദാലത് മുഖേന പരിഹരിക്കും. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിൽ ലഭിച്ച എട്ട് അപേക്ഷകളിൽ ആറും പരിഹരിച്ചു.
ഡയറി ഓഫിസ് നേരിട്ടിടപെട്ട് ഒരു കുടുംബത്തിന് പശു വളർത്തലിന് പലിശരഹിത വായ്പ അനുവദിച്ചു. സപ്ലൈ ഓഫിസ് ഗ്യാസ് കണക്ഷൻ അപേക്ഷകളിൽ അടിയന്തര തീർപ്പുണ്ടാക്കി. 29 വായ്പ തിരിച്ചടവ് അപേക്ഷകളിലും 34 എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അപേക്ഷകളിലും നടപടിയായി. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട 98 അപേക്ഷകളിൽ 51 എണ്ണം പരിഹരിച്ചു. പോസ്റ്റ് മാറ്റം ഉൾപ്പെടെ കെ.എസ്.ഇ.ബിക്ക് ലഭിച്ച 38 പരാതികളിൽ പരിഹാരമായി. മാണിക്കൽ ഗ്രാമപഞ്ചായത്തിൽ വഴിപ്രശ്നവും വഴിവിളക്കുകൾ കത്തുന്നില്ലെന്ന പരാതിയും പരിഹരിച്ചു. നഗരസഭ 986 പരാതികളിൽ 361 എണ്ണം തീർപ്പാക്കി. മരംമുറി, പന്നിശല്യം, വീട്ടുനമ്പർ വിഷയങ്ങളിലാണ് പരിഹാരം. നെടുമങ്ങാട് ആർ.ഡി.ഒ കെ.പി. ജയകുമാർ, എ.ഡി.എം അനിൽ ജോസ്, തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായൺ, നെടുമങ്ങാട് തഹസിൽദാർ ജെ. അനിൽകുമാർ, നെയ്യാറ്റിൻകര തഹസിൽദാർ അരുൺ, നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജു കുമാർ, കാട്ടാക്കട ഡിവൈ.എസ്.പി എൻ. ഷിബു എന്നിവരും വിവിധ തദ്ദേശ സ്ഥാപനങ്ങൾ, പി.ഡബ്ല്യു.ഡി, ഹെൽത്ത്, ഫയർഫോഴ്സ്, ജി.എസ്.ടി, വ്യവസായം, ലേബർ, കേരള ബാങ്ക്, കെ.എസ്.എഫ്.ഇ അധികൃതരും യോഗത്തിൽ പങ്കെടുത്തു. രണ്ടാഴ്ചക്കുശേഷം അവലോകന യോഗം വീണ്ടും ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.