നെടുമങ്ങാട്: വേങ്കോട് അമ്മാമ്പാറയെ കൈയേറ്റത്തിൽനിന്ന് മോചിപ്പിച്ച് സംരക്ഷിക്കാനുള്ള സർക്കാർ നടപടികൾക്ക് തുടക്കമായി. പാറയും പരിസരവും സർവേ നടത്തി അളന്നുതിട്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ റവന്യൂ-നഗരസഭാധികൃതരുടെ നേതൃത്വത്തിൽ ആരംഭിച്ചു. സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിൽ സ്ഥലം സന്ദർശിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞ 16ന് ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. 31നകം സർവേ നടപടികൾ പൂർത്തിയാക്കാൻ നിർദേശവും നൽകിയിരുന്നു.
തുടർന്നാണ് സംയുക്ത പരിശോധനയും റീ സർവേ പ്രവർത്തനങ്ങളും ധൃതഗതിയിൽ ആരംഭിച്ചത്. നെടുമങ്ങാട് ആർ.ഡി.ഒ അഹമ്മദ് കബീറിന്റെയും ജില്ല സർവേ അസി. ഡയറക്ടർ ബിനുവിന്റെയും നേതൃത്വത്തിലാണ് പ്രാഥമിക അളവ് നടപടികൾ. അമ്മാമ്പാറയുടെ പഴയ സ്കെച് അടിസ്ഥാനപ്പെടുത്തി സർവേ നടത്തണമെന്ന് നെടുമങ്ങാട് നഗരസഭയും അമ്മാമ്പാറ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന ഉന്നതതല യോഗ തീരുമാനം പഴയ സ്കെച് ഉപയോഗിച്ച് സർവേ നടത്തണമെന്നായിരുന്നു. ആർ.ഡി.ഒയും സർവേ അസി. ഡയറക്ടറും ഈ ആവശ്യം അംഗീകരിച്ചു. തുടർ ദിവസങ്ങളിലെ സർവേ പഴയ സ്കെച് അടിസ്ഥാനമാക്കി ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ടാഴ്ചക്കകം നടപടികൾ പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നേക്കറിലധികം വിസ്തൃതിയുള്ള അമ്മാമ്പാറ മഹാകവിയുടെ സ്മരണ നിലനിർത്തി സംരക്ഷിക്കാൻ നാട്ടുകാരും നഗരസഭയും ശ്രമിച്ചുവരുന്നതിനിടെ, സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പാറയും അനുബന്ധ പ്രദേശവും കൈയേറാൻ നീക്കം നടന്നത്. അതിരുകല്ലുകൾ പാറയോട് ചേർന്ന് സ്ഥാപിക്കുകയും മരങ്ങൾ മുറിച്ചുകടത്തുകയും ചെയ്തത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, മരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി. ഹരികേശൻ നായർ, റീ സർവേ സൂപ്രണ്ട് ആശ, തഹസിൽദാർ (എൽ.ആർ), നഗരസഭ ഓവർസിയർ വിമലാദേവി, അമ്മാമ്പാറ സംരക്ഷണ സമിതി ചെയർമാൻ എസ്.എസ്. ബിജു, വാർഡ് കൗൺസിലർ ബി.എ. അഖിൽ, വില്ലേജ്, സർവേ ഉദ്യോഗസ്ഥർ എന്നിവരും സംയുക്ത പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.