സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച മുട്ടക്കറിയിൽ അട്ട കിടക്കുന്ന ചിത്രം

മുട്ടക്കറിയിൽ അട്ട; ജില്ല ആശുപത്രി ക്യാന്റീൻ നഗരസഭ പൂട്ടിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിലെ കുടുംബശ്രീ ക്യാന്റീൻ നഗരസഭ പൂട്ടിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനെന്നാണ് നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ വാദം. എന്നാൽ കഴിഞ്ഞ ദിവസം ആശുപത്രിയിലെ ജീവനക്കാരി വാങ്ങിയ മുട്ടക്കറിയിൽ ചത്ത അട്ടയുടെ അവശിഷ്ടം കണ്ടെത്തിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പരിശോധന നടന്നത്.

എന്നാൽ ഇത് സംബന്ധിച്ച് ആരും പരാതി നൽകിയിരുന്നില്ല. കറിയിൽ ചത്ത അട്ട കിടക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ആരോഗ്യവിഭാഗം വൈകുന്നേരത്തോടെ ആശുപതി ക്യാൻറീനിൽ പരിശോധന നടത്തുകയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ ജ്യൂസ് ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന അഴുകിയ പഴവർഗങ്ങളും കണ്ടെത്തി. ക്യാന്റീൻ ആറുമാസം മുമ്പാണ് കുടുംബശ്രീക്ക് വിട്ടുനൽകിയത്.

ആരോഗ്യവിഭാഗം രേഖകൾ പരിശോധിച്ചതിൽ നിന്ന് ലൈസൻസില്ലാതെയാണ് ക്യാന്റീൻ ഇത്രയും ദിവസം പ്രവർത്തിച്ചുവന്നതെന്ന് കണ്ടെത്തി. മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള ന്യൂനതകൾ പരിഹരിക്കണമെന്ന് നോട്ടീസ് നൽകി നെടുമങ്ങാട് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ക്യാന്റീൻ അടപ്പിച്ചു. ആശുപത്രിയിൽ വരുന്ന നൂറുകണക്കിന് രോഗികളാണ് കുടുംബശ്രീ നടത്തിവന്നിരുന്ന ഈ ക്യാന്റീനെ ദിനവും ആശ്രയിച്ചിരുന്നത്.

രണ്ടാഴ്ച മുമ്പ് നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നു വാങ്ങിയ പാർസലിൽ പാമ്പിന്റെ തോൽ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു. തുടർന്ന് നഗരസഭ ഭക്ഷണശാലകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. അപ്പോഴും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്യാന്റീനിൽ യാതൊരു പരിശോധനയും നടത്തിയിരുന്നില്ല.

Tags:    
News Summary - Leech in egg curry; The district hospital canteen was closed by the municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.