നെടുമങ്ങാട്: മെഡിക്കല്‍ ഫാര്‍മസിയിൽ എം.ഡി.എം.എ കച്ചവടം; സ്റ്റോറുടമയുടെ മകന് പിടിയില്‍. നെടുമങ്ങാട് തെക്കുംകര മുളവന്‍കോട് വാടയില്‍വീട്ടിൽ ഷാനാസിനെയാണ് (34) നെടുമങ്ങാട് എക്സൈസ് പിടികൂടിയത്. നെടുമങ്ങാട് ജില്ല ഹോസ്പിറ്റലിന് എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തില്‍നിന്ന് 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയാണ് കണ്ടത്തിയത്.
ചെറിയ അളവില്‍ എം.ഡി.എം.എ യുമായി പടികൂടിയയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് ഫാര്‍മസി വഴി വിദ്യാർഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് എക്സൈസ് സംഘം ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്ന് ഒന്നര ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. സമാന കേസിൽ ഷാനാസ് മുമ്പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍വഴി മാരക ലഹരികള്‍ വില്പന നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്സെസ് സി.ഐ സുനില്‍കുമാര്‍ പറഞ്ഞു. കേസിൽ കൂടുതല്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാത്രിയും ഫാർമസി തുറന്ന് സാധങ്ങൾ കൊടുക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഫാർമസി അടപ്പിച്ചു. എക്സൈസ് സി.ഐ സുനില്‍കുമാര്‍ സി.എസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പി.ആര്. രഞ്ജിത്ത്, പ്രിവന്റിവ് ഓഫിസര്‍ ബിജു .എസ്, ഗ്രേഡ് എസ്.ഐമാരായ സജി, നജിമുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ രാജേഷ്, വനിത സിവില്‍ ഓഫിസര്‍ മഞ്ജുഷ, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.