നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്ത് ഒാഫിസിന് മുന്നിൽ മാലിന്യം തള്ളിയ സംഭവത്തിൽ പഞ്ചായത്തംഗത്തിന് പിഴ ചുമത്തി. പഞ്ചായത്തംഗം എസ്. കൃഷ്ണകുമാറിനാണ് 2,000 രൂപ പിഴ ചുമത്തിയത്. മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് മൂന്ന് മാസം മുമ്പ് കൃഷ്ണകുമാർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ചാക്കുകളിൽ മാലിന്യം എത്തിച്ചത്. വെള്ളനാട് ജങ്ഷനിലെ ഓടയിൽനിന്ന് കോരിയ മാലിന്യം 50ഒാളം ചാക്കുകളിലാണ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ കൊണ്ടുെവച്ചത്.
മാലിന്യം മാറ്റണമെന്നും അല്ലെങ്കിൽ പഞ്ചായത്ത് നീക്കി പിഴ ഈടാക്കുമെന്നും കാണിച്ച് കൃഷ്ണകുമാറിന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. മാലിന്യം മാറ്റാത്തതിനെ തുടർന്ന് പഞ്ചായത്ത് ഇത് നീക്കം ചെയ്തു. പഞ്ചായത്തിെൻറ പരാതിയിൽ കൃഷ്ണകുമാർ, മാലിന്യം എത്തിച്ച ലോറി ഡ്രൈവർ എന്നിവർക്കെതിരെ ആര്യനാട് പൊലീസ് കേസെടുത്തിരുന്നു. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവർക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലും മാലിന്യം സംസ്കരിക്കാത്തതിന് പഞ്ചായത്ത് സെക്രട്ടറിെക്കതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലും പരാതി നൽകിയതിെൻറ വൈരാഗ്യമാണ് തനിക്കെതിരെ പിഴ ചുമത്തിയതിന് പിന്നിലെന്ന് കൃഷ്ണകുമാർ പറഞ്ഞു. അതേസമയം പിഴ ഒടുക്കിയില്ലെങ്കിൽ തുടർ നടപടിയിലേക്ക് കടക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.