നെടുമങ്ങാട്: സംസാരശേഷിയില്ലാത്ത മകൾക്കും കേൾവിയില്ലാത്ത മകനും ഒപ്പം ലതക്ക് ഇനി സ്വന്തം മണ്ണിൽ സുരക്ഷിതമായി അന്തിയുറങ്ങാം. ഓട്ടോഡ്രൈവറായ ലതയുടെ ദുരിതങ്ങൾ കണ്ടറിഞ്ഞ് മന്ത്രി ജി.ആർ. അനിൽ മുൻകൈയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ വീടെന്നം സ്വപനം യാഥാർഥ്യമാക്കി. തോട്ടുമുക്കിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് നിർമിച്ച വീടിന്റെ താക്കോൽ ഞായറാഴ്ച രാവിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ മന്ത്രിയിൽനിന്ന് ലതയും മക്കളും ഏറ്റുവാങ്ങി.
ഭർത്താവിന്റെ മരണശേഷം കുട്ടികളും മാതാപിതാക്കളുമായി വാടകവീടുകൾ മാറി മാറി താമസിച്ചു വന്ന ലതയുടെ സ്വപ്നമായിരുന്നു സ്വന്തമായി ഒരുപിടി മണ്ണും അടച്ചുറപ്പുള്ള ഒരു വീടും. ബധിരനായ മകൻ വിഷ്ണു ഐ.ടി.ഐയിലും മൂകയായ മകൾ ലക്ഷ്മി എൻജിനീയറിങ്ങിനും പഠിക്കുകയാണ്. റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുവേണ്ടി സമീപിച്ച ലത തന്റെയും മക്കളുടെയും ദുരവസ്ഥ മന്ത്രിയെ ധരിപ്പിച്ചു.
കുട്ടികളുടെ പഠനം പോലും വഴിമുട്ടിയ അവസ്ഥയിലാണെന്ന് ബോധ്യപ്പെട്ട മന്ത്രി റേഷൻ കാർഡ് ബി.പി.എൽ ആക്കിയതിനുപുറെമ, കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു.
മന്ത്രി മുന്നിട്ടിറങ്ങിയതോടെ ലതക്ക് വീടിനായി നാടൊന്നാകെ കൈകോർത്തു.
താക്കോൽദാന ചടങ്ങിനും പാല് കാച്ചലിനും സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി.കെ. രാധാകൃഷ്ണൻ, എ. ഷാജി, മഹേന്ദ്രനാചാരി, കെ. വിജയൻ എന്നിവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.