നജി വിളയിൽ
നെടുമങ്ങാട്: വോളിബാൾ പെരുമയിൽ സമ്പന്നമാണ് നെടുമങ്ങാട്. വോളിബാളിന് നിരവധി മിന്നും താരങ്ങളെ സമ്മാനിച്ച പ്രദേശമെന്ന നിലയിൽ കൈപ്പന്തുകളിയുടെ ഹൃദയഭൂമിയായി നെടുമങ്ങാട് ഇന്നും അറിയപ്പെടുന്നു.
നെടുമങ്ങാടിന്റെ സ്പന്ദനം പ്രായഭേദമെന്യെ വോളിബാളിനൊപ്പമായിരുന്ന കാലമുണ്ടായിരുന്നു. മിന്നുന്ന സ്മാഷും സെറ്റും പ്രതിരോധവുമെല്ലാം കോർത്തിണക്കി കളിത്തട്ടിൽ ആവേശം നിറച്ചിരുന്ന ആ പാരമ്പര്യം നിലനിർത്താൻ പിന്നീടായില്ലെന്നത് പഴയകാല വോളിബാൾ പ്രേമികളെ നിരാശയിലാഴ്ത്തുന്നു.
തിരുവിതാംകൂർ-കൊച്ചി സംയോജനകാലത്ത് സർക്കാറുമായുണ്ടാക്കിയ കവനൻറ് (ഉത്തരവ്) പ്രകാരം സ്ഥാപിതമായതാണ് നെടുമങ്ങാട് യൂനിയൻ സ്പോർട്സ് ക്ലബ്. നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിന് മുന്നിലുള്ള സ്ഥലത്ത് ദിവാൻ പേഷ്കാരുടെ അനുമതിയോടെയാണ് കളി ആരംഭിച്ചത്.
തിരു-കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന ടീമായിരുന്നു ഇത്. നെടുമങ്ങാട് മാർക്കറ്റിൽ ഹിന്ദുസ്ഥാൻ റെഡ്സ് ആൻഡ് സ്പോർട്സ് ക്ലബും (എച്ച്.ആർ.എസ്.സി) തുടർന്ന് നിലവിൽ വന്നു. ജില്ലയിൽ അറിയപ്പെടുന്ന വോളിബാൾ ടീമുകളായി ഇതു രണ്ടും വളർന്നു.
വട്ടപ്പാറയിൽ തച്ചൂരാൻ കൃഷ്ണൻനായർ, പുതുകുളങ്ങരയിൽ എം. ഹമീദ്കണ്ണ്, നന്ദിയോട്ട് കേരള യൂനിവേഴ്സിറ്റി ടീമംഗമായിരുന്ന പീതാംബരൻ നായർ, വെമ്പായം ചിറത്തലക്കലിൽ പി.ആൻഡ്.ടിയിലെ താരങ്ങളായ ഗോപിനാഥ്, ശിവൻ എന്നിവർ നേതൃത്വം കൊടുത്ത ടീമുകളും പ്രവർത്തിച്ചിരുന്നു. സംസ്ഥാന വോളിബാൾ അസോസിയേഷൻ രൂപംകൊണ്ട് ആദ്യ ടീം ഉണ്ടായപ്പോൾ ജഴ്സി അണിഞ്ഞവരിൽ 12 ൽ ആറു പേർ നെടുമങ്ങാട്ടുകാരായിരുന്നു.
പൊലീസിലെ പരീത്, കെ.എസ്.ആർ.ടി.സിയിലെ സദാശിവൻ, സൈനുദീൻ, തൊട്ടുവിളാകം രാമചന്ദ്രൻനായർ, വേലപ്പൻനായർ, അപ്പുക്കുട്ടൻ എന്നിവർ ടീമിലെ അഭിമാനതാരങ്ങളായിരുന്നു. പീന്നിട്, ഇവരെല്ലാം ഏജീസിലെ കളിക്കാരായി. ഒരുകാലത്ത് നെടുമങ്ങാട്ടുകാരില്ലാത്ത ഡിപ്പാർട്ട്മെൻറ് ടീമുകൾ ഇല്ലായിരുന്നു. എം.എ. കബീർ(കെ.എസ്.ആർ.ടി.സി), ശിവശങ്കരപിള്ള(കേരള പോലീസ്), പുന്നിലം ഷാജി (കെ.എസ്.ഇ.ബി), റഷീദ് (ഏജീസ്), കൃഷ്ണൻകുട്ടി (കേരള പൊലീസ്), ബാലചന്ദ്രൻ(കേരള പൊലീസ്), ഷാനവാസ് (കെ.എസ്.ഇ.ബി), ആർ. ശശിധരൻ നായർ (കേരള പൊലീസ്), താഹ(കെ.എസ്.ഇ.ബി), ജമാൽ മുഹമ്മദ്(സർവിസസ്), അനിൽകുമാർ(സി.ഐ.എസ്.എഫ്), എച്ച്. റഹിം (കേരള യൂനിവേഴ്സിറ്റി), ഹരികുമാർ(കെ.ടി.സി), കെ. സിയാദ് (കേരള യൂനിവേഴ്സിറ്റി), പ്രതാപൻ (കേരള പൊലീസ്), എൻ.ബാജി തുടങ്ങി നിരവധി കളിക്കാരെ നെടുമങ്ങാട് സംഭാവന നൽകി.
നെടുമങ്ങാട് യൂനിയൻ സ്പോർട്സ് ക്ലബ് വനിത വോളിബാൾ ടീമിനെയും പരിശീലിപ്പിച്ചെടുത്തിരുന്നു. പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമുകളിലെ വനിത കളിക്കാർ അധികവും നെടുമങ്ങാട്ടുകാരായിരുന്നു.
ജിമ്മി ജോർജ്, ഗോപിനാഥ്, സിറിൽ സി.വള്ളൂർ, ഉദയകുമാർ, അബ്ദുൽ റസാഖ് എന്നിവരുടെ സ്മാഷുകൾ ആരവത്തോടെ ഏറ്റുവാങ്ങിയ നെടുമങ്ങാട്ട് ക്ലബുകൾ പിന്നീട് അന്യം നിന്നു. ചന്തക്കുള്ളിൽ പ്രവർത്തിച്ചിരുന്ന എച്ച്.ആർ.എസ്.സി കളിസ്ഥലമില്ലാതെ പിൻവാങ്ങി. ഇന്നും കോയിക്കൽ കൊട്ടാരത്തിനു മുന്നിലെ കളിസ്ഥലത്തിനായി പുരാവസ്തു വകുപ്പുമായി നിയമ പോരാട്ടത്തിലാണ് യൂനിയൻ ക്ലബ്.
പഞ്ചായത്തുകൾക്കുവരെ സ്വന്തമായി സ്റ്റേഡിയങ്ങൾ ഉണ്ടായെങ്കിലും നെടുമങ്ങാട് നഗരസഭയിൽ ഒരു പൊതുകളിസ്ഥലമില്ല. പുലിപ്പാറയിൽ നഗരസഭ നിർമിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ നിമാണത്തിലെ പാകപ്പിഴ കാരണം കളിയും അസാധ്യമാണ്. ക്ലബുകൾക്കും സ്വന്തമായി ഇതുവരെ ഒരു മൈതാനമുണ്ടാക്കാൻ കഴിഞ്ഞില്ല. ആദ്യകാലത്ത് നെടുമങ്ങാട്ടെ രാഷ്ട്രീയ -ഭരണ നേതൃത്വവും കളികൾക്ക് അനുകൂലമായിരുന്നെങ്കിൽ പിന്നാലെ വന്നവർ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളായില്ല.
കളിക്കാരല്ലെങ്കിലും പ്രോത്സാഹനവുമായി ആദ്യ നഗരസഭ ചെയർമാൻ ആർ. കേശവൻ നായർ, രാജ്മോഹനൻ, ജെ.എ. റഷീദ് എന്നിവർ മുന്നിലുണ്ടായിരുന്നു. ആദ്യകാല കളിക്കാർ ചേർന്ന് മാസ്റ്റേഴ്സ് വോളിബോൾ ഫ്രറ്റേനിറ്റി എന്ന സംഘടന രൂപവത്കരിച്ച് പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.