നെടുമങ്ങാട്: 2024 പൂർത്തിയാകുന്നതോടെ അതിദരിദ്രർ ഇല്ലാത്ത നഗരസഭയാക്കി നെടുമങ്ങാടിനെ മാറ്റുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ബജറ്റിൽ 70 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. 107,05,03,336 രൂപ വരവും 95,48,92,600 രൂപ ചെലവും 11,56,10,736 രൂപ നീക്കിയിരിക്കും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ അവതരിപ്പിച്ചു.
2023-24 വാർഷിക ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട 62 പദ്ധതികളിൽ 52 പദ്ധതികൾ പൂർത്തീകരിക്കാനും ബാക്കിയുള്ളവ ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് വൈസ് ചെയർമാൻ അവകാശപ്പെട്ടു.
നികുതി പിരിവ് പരമാവധി ഊർജിതമാക്കി കെട്ടിട നികുതിയിനത്തിൽ 4.75 കോടി രൂപ പ്രതീക്ഷിക്കുന്നു. ഇതു മുൻ വർഷത്തേക്കാൾ 20 ശതമാനം വർധന ഉണ്ടാക്കും. തൊഴിൽ നികുതിയിനത്തിൽ 1.75 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത ആനുകൂല്യങ്ങൾക്കും കോളനികളിലെ കുടിവെള്ളം, റോഡ്, വൈദ്യുതി മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കും മുൻതൂക്കം നൽകിയിട്ടുണ്ട്.
അമൃത് പദ്ധതി രണ്ടാംഘട്ടത്തിൽ നഗരസഭ പ്രദേശത്തെ പൈപ്പ് ലൈൻ വിപുലീകരണവും നീട്ടലും സൗജന്യ പൈപ്പ് കണക്ഷനും ഉൾപ്പെടെ നടപ്പാക്കുന്നതിന് നഗരസഭ വിഹിതമായി 75 ലക്ഷം രൂപ നീക്കിവെച്ചു.
സമ്പൂർണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന് മോഡേൺ എം.സി.എഫ് സ്ഥാപിക്കും. എല്ലാ വാർഡുകളിലും മിനി എം.സി.എഫും പ്രധാനകവലകളിൽ പെറ്റ് ബോട്ടിൽ കിയോസ്ക്കും നിരീക്ഷണ കാമറയും സ്ഥാപിക്കും. ഇതിനായി 2.37 കോടി അനുവദിച്ചു.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നഗരസഭാ പ്രദേശത്തെ വനിതകൾക്ക് ബ്യൂട്ടീഷ്യൻ പരിശീലനം, ഫാഷൻ ഡിസൈനിങ്, ഹെൽത്ത് കെയർ അസിസ്റ്റന്റ് പരിശീലനം എന്നിവയ്ക്കായി 25 ലക്ഷം രൂപ വകയിരുത്തി.
കണ്ണാറംകോട് വാർഡിൽ നൂതന സൗകര്യങ്ങളോടെ കൺവെൻഷൻ സെന്റർ നിർമിക്കാൻ തുക വകയിരുത്തി.
മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് കുട്ടികൾക്കും മുതിർന്നവർക്കും സൗകര്യം ഒരുക്കുന്ന ഹാപ്പിനസ് പാർക്ക് സ്ഥാപിക്കും.
ഡിസംബറോടെ എല്ലാ വാർഡുകളും നാഷനൽ ആയുഷ് മിഷൻ കേരളയുടെ സഹകരണത്തോടെ കേരളത്തിലെ ആദ്യ സമ്പൂർണ യോഗ നഗരസഭയാക്കി മാറ്റും.
പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ് കാര്യക്ഷമമാക്കും. ശാന്തിതീരം ക്രിമിറ്റോറിയത്തിൽ ഒരു പുകക്കുഴൽ കൂടി സ്ഥാപിക്കും. മുഴുവൻ പബ്ലിക് ശൗചാലയങ്ങളും കമ്യൂണിറ്റി ടോയിലറ്റായി നവീകരിക്കും.
ശുചിത്വ മാലിന്യ സംസ്കണ രംഗത്ത് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ സമഗ്ര ശുചിത്വ മാലിന്യ സംസ്കരണത്തിനുള്ള കർമ പരിപാടിക്ക് രൂപം നൽകുമെന്നും വൈസ് ചെയർമാൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷതവഹിച്ചു. ബജറ്റിൻ മേലുള്ള ചർച്ച ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.