പൊന്മുടി റോഡിന്‍റെ പാര്‍ശ്വഭിത്തി കെട്ടുന്ന ജോലികള്‍ പുരോഗമിക്കുന്നു 

സഞ്ചാരികളെ കാത്ത് പൊന്മുടിയും പേപ്പാറയും; എന്നു തുറക്കും?

നെടുമങ്ങാട്: താലൂക്കിലെ മലയോര വിനോദ സഞ്ചാര മേഖലയിലെ പൊന്മുടിയും പേപ്പാറയും മങ്കയവും തുറക്കുന്നതും കാത്ത് സഞ്ചാരികൾ. കഴിഞ്ഞ മഴയെ തുടർന്നാണ് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്. വയനാട് ഉൾപ്പെടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടും കാനനഭംഗിയും ജലസമൃദ്ധിയും ഒത്തുചേർന്ന് കോട മഞ്ഞിൽ പുതഞ്ഞ് പൊന്മുടിയും പേപ്പാറയും മങ്കയവും സഞ്ചാരികളെ കാത്തിരിക്കുകയാണ്.

ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പൊന്മുടി തുറക്കാനിടയില്ലെന്നാണ് വിവരം. കഴിഞ്ഞ ഒരുമാസമായി പൊന്മുടി യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. കാലവർഷത്തിൽ റോഡുകൾകൂടി ഇടിഞ്ഞതോടെയാണ് പൊന്മുടി അടച്ചിട്ടത്. കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയം വരേയുള്ള 12 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും റോഡ് പൊട്ടിത്തകര്‍ന്നും നാശമുണ്ടായത്. ഹെയര്‍പിന്‍ വളവുകളായ 12, 17, 21 എന്നിവിടങ്ങളിലാണ് റോഡ് വലിയതോതില്‍ ഇടിഞ്ഞത്. മണ്ണിടിഞ്ഞ് മിക്ക സ്ഥലങ്ങളിലും ഗതാഗതം മുടങ്ങി. മരങ്ങള്‍കൂടി കടപുഴകി വീണതോടെയാണ് പെട്ടന്നുതന്നെ യാത്ര നിര്‍ത്തിയത്.

ഇവിടെ സുരക്ഷാ വേലികള്‍ സ്ഥാപിക്കുക, പാര്‍ശ്വഭിത്തികള്‍ കെട്ടി റോഡ് സംരക്ഷിക്കുക, മണ്ണിടിച്ചില്‍ ഒഴിവാക്കുക തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുമരാമത്തിന്‍റെ റോഡ് വിഭാഗമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. റോഡിനോടു ചേര്‍ന്നിരിക്കുന്ന വലിയപാറകള്‍ അപകടഭീഷണി ഉയർത്തുന്നുണ്ട്. ശക്തമായ മഴയില്‍ നിലംപൊത്താവുന്ന നിരവധി പാറകളും മരങ്ങളും പൊന്മുടി സംസ്ഥാന പാതയില്‍ ഭീഷണിയായി നിൽക്കുന്നു.


കല്ലാറിന് സമീപത്ത് റോഡിന്‍റെ ഒരുവലിയഭാഗം ഇടിഞ്ഞുതാണ് റോഡ് പകുതിയായതോടെയാണ് പൊന്മുടിയിലേക്കുള്ള ഗതാഗതം നിര്‍ത്തിയത്. പൊന്മുടി അടഞ്ഞു കിടക്കുന്നതറിയാതെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് സന്ദർശകരുമായി കല്ലാറിലെത്തി മടങ്ങുന്നത്. സ്കൂളുകൾകൂടി അടക്കുന്നതോടെ സന്ദർശകരുടെ എണ്ണം ഇരട്ടിയാകും. മഴക്കാലത്ത് ഇടിഞ്ഞ റോഡിന്‍റെ ഭാഗം സംരക്ഷണഭിത്തി കെട്ടി ഗതാഗതം പുനഃസ്ഥാപിക്കാൻ ഇതിനോടകം സാധിക്കുമായിരുന്നു. എന്നാൽ അധികൃതർ നടപടിക്രമങ്ങളുടെ നൂലാമാലകൾ ചൂണ്ടിക്കാട്ടി പ്രശ്നം നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് ആക്ഷേപം.

പൊന്മുടി അടച്ചതോടെ വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വി.എസ്.എസ്സിലെ 150ല്‍പ്പരം തൊഴിലാളികള്‍ പട്ടിണിയിലായി. കൂടാതെ വനവിഭവങ്ങളായ കാട്ടുതേന്‍, പഴവര്‍ഗങ്ങള്‍, തേയില തുടങ്ങിയവയെല്ലാം വിറ്റ് ആഹാരത്തിനു വഴിതേടിയിരുന്ന തോട്ടംതൊഴിലാളികളും ഉജീവനമാര്‍ഗമില്ലാതെ വിഷമിക്കുകയാണ്. കല്ലാര്‍ മുതല്‍ പൊന്മുടി ചെക്ക്‌പോസ്റ്റ് വരെയുള്ള റോഡിന്‍റെ ഇരുവശവുമുള്ള ചെറിയ കടകളിലൂടെ ഉപജീവനം നടത്തിയ നൂറുകണക്കിന് തൊഴിലാളികളുണ്ടായിരുന്നു. പൊന്മുടി അടച്ചതോടെ ഈ കുടുംബങ്ങളെല്ലാം പട്ടിണിയിലാണ്.

Tags:    
News Summary - Ponmudi and Peppara waiting for tourists; When will it open?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.