നെടുമങ്ങാട്: ചെല്ലാങ്കോട് കറുവേലിനട മുതല്‍ ഡയമണ്ട് പാലം വരെയും കോലംകുടി മുതല്‍ പട്ടമം വരെയുമുള്ള റോഡ് തകര്‍ന്നിട്ട് നാളുകളായി. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഈ റോഡില്‍ കൂടി കാല്‍നടയാത്രപോലും ദുരിതമായി. റോഡ് നവീകരണത്തിന് പരിഹാരം കാണേണ്ട നഗരസഭ തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്ന് നാട്ടുകാര്‍. പ്രഭാത സവാരിക്കും യാത്രക്കും ജനങ്ങള്‍ ഒരുപോലെ ആശ്രയിക്കുന്ന റോഡിനാണ് ഈ ഗതികേട്.
സ്കൂള്‍ വാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഇതുവഴി വരാന്‍ നിലവില്‍ തയാറല്ല. പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായ റോഡ് നാടിനുതന്നെ നാണക്കേടായി മാറി. നെടുമങ്ങാട് ഗവൺമെന്റ് കോളജിന് മുന്‍വശത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡുകളിലൊന്നാണിത്. ചെല്ലാങ്കോട് ഏലാ റോഡില്‍നിന്നാരംഭിച്ച് പൂവത്തൂര്‍ പട്ടാളംമുക്കിലാണ് അവസാനിക്കുന്നത്. നാലു വാര്‍ഡുകളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്.
പാര്‍ശ്വഭിത്തികളും കലുങ്കുകളും പലയിടങ്ങളിലും തകര്‍ന്നു. കര്‍ഷകര്‍ക്ക് കൃഷിവിഭവങ്ങളുമായി പെട്ടെന്ന് നെടുമങ്ങാട്ട് എത്താന്‍ പറ്റുന്ന റോഡാണ് തകര്‍ന്ന് തരിപ്പണമായത്. പൂവത്തൂരില്നിന്നു കാല്‍നടയായി നെടുമങ്ങാട്ട് എത്താനുള്ള എളുപ്പവഴിയുമാണിത്. മാറി മാറി വന്ന ഭരണാധികാരികള്‍ റോഡിനെ പാടെ അവഗണിച്ചതാണ് തകര്‍ച്ചക്ക് കാരണമായത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കെ.വി. സുരേന്ദ്രനാഥ് എം.എല്‍.എയാണ് ചെല്ലാങ്കോട്-പൂവത്തൂര്‍ റോഡിന്റെ ടാറിങ്ങിനും പാര്‍ശ്വഭിത്തി കെട്ടി നവീകരിക്കാനും ആദ്യം തയാറായത്. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് വീതി കൂട്ടാനും പാര്‍ശ്വഭിത്തി കെട്ടാനും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. റോഡിന്റെ നവീകരണത്തിന് മൂന്നു കോടി അനുവദിച്ചെന്നു കാട്ടി സമീപകാലത്ത് ഫ്ലക്സുകള്‍ ഉയര്‍ന്നെങ്കിലും റോഡ് ഇപ്പോഴും തോടായിതന്നെ കിടക്കുന്നു. നാട്ടുകാരുടെ പരാതി രൂക്ഷമായപ്പോള്‍ കറുവേലി നടവരെ കോണ്‍ക്രീറ്റ് ചെയ്ത് അധികൃതര്‍ തടിയൂരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.