പൊതുവിതരണം; കേന്ദ്രം പിന്മാറിയാൽ കേരളത്തിന്റെ സ്ഥിതി ഗുരുതരം -മന്ത്രി

നെടുമങ്ങാട്: സംസ്ഥാനത്തിന് അർഹമായ സൗജന്യങ്ങളും സഹായങ്ങളും നൽകുന്നതിൽനിന്ന് കേന്ദ്രം പിന്മാറിയാൽ കേരളത്തിന്റെ സ്ഥിതി ഗുരുതരമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ഗോതമ്പ് വീതം കൊടുക്കുന്നുണ്ട്. വെള്ള, നീല കാർഡുകാർക്ക് പരിമിതമാണെങ്കിലും ആട്ട ഒരു കിലോ വീതം നൽകുന്നുണ്ട്. വെള്ള, നീല കാർഡുകാർക്ക് നൽകാൻ കേന്ദ്ര വിഹിതമില്ലെന്ന് തിരിച്ചറിയണം. മഞ്ഞ, ചുവപ്പ് കാർഡുകാർക്ക് സൗജന്യമായല്ല കേന്ദ്രം അരി തരുന്നത്. അരി കിലോ മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയും നിരക്കിലാണ് കേന്ദ്രത്തിൽ നിന്ന് നൽകുന്നത്. അവ എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിൽ എത്തുമ്പോൾ കിലോക്ക് ഏഴ് രൂപയായി വില ഉയരും.

ഇതാണ് മുൻഗണനാവിഭാഗക്കാർക്ക് സൗജന്യമായി നൽകുന്നത്. വെള്ള, നീല കാർഡുകാർക്ക് 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗോതമ്പ് കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. കേന്ദ്രം നൽകിയിരുന്ന ആനുകൂല്യങ്ങളും സൗജന്യങ്ങളും അവസാനിപ്പിക്കുകയാണ്. സുഭിക്ഷ കേരളം പദ്ധതിയുൾപ്പടെയുള്ള സബ്സിഡി സ്ഥാപനങ്ങൾ സംരക്ഷിക്കാൻ ജനങ്ങളുടെ സഹായഹസ്തം വേണമെന്നും മന്ത്രി പറഞ്ഞു.

നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. പൊതുവിതരണ, ഉപഭോക്തൃകാര്യ കമീഷണർ ഡോ. ഡി. സജിത് ബാബു സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ഹരികേശൻ നായർ, ബി. സതീശൻ, പി. വസന്തകുമാരി, എസ്. സിന്ധു, എസ്. അജിത, കൗൺസിലർ ലേഖാ വിക്രമൻ, എൻ. ഫാത്തിമ എന്നിവർ പങ്കെടുത്തു. റേഷനിങ് കൺട്രോളർ എസ്.കെ. ശ്രീലത നന്ദി പറഞ്ഞു.

Tags:    
News Summary - Public distribution; If the Center withdraws, the situation in Kerala will be critical - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.