നെടുമങ്ങാട്: പട്ടാപ്പകൽ അരുവിക്കരയിൽ വീട് കുത്തിതുറന്ന് കവർച്ച നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. പേരൂർക്കട മൂന്നാംമൂട് പള്ളിവിള ജയൻ ഭവനിൽ ജപ്പാൻ ജയൻ എന്ന ജയൻ ആണ് (50) അറസ്റ്റിലായത്. ചെറിയകൊണ്ണി ഉത്രാടത്തിൽ ജയ് ഹിന്ദ് ടി.വിയിലെ ടെക്നിക്കൽ ജീവനക്കാരൻ മുരുകന്റെ വീട് കുത്തിത്തുറന്ന് 32 പവനും 8.5 ലക്ഷം രൂപയുമാണ് കവർന്നത്. കഴിഞ്ഞ 17ന് ആയിരുന്നു മോഷണം.
മോഷണ സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. മുരുകനും സർക്കാർ ജീവനക്കാരിയായ ഭാര്യ രാജിയും രാവിലെ വീട് പൂട്ടി ജോലിക്ക് പോയിരുന്നു. രാവിലെ 10.30ഓടെ ആയിരുന്നു വീട് കുത്തിത്തുറന്ന് അലമാരയിൽ ഉണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും കവർച്ച നടത്തിയത്. തുടർന്ന് മതിൽ ചാടി കടന്നു പോയ സംഘം സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറി സ്ഥലംവിട്ടു.
ചിലർ മതിൽ ചാടി പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ചിലർ അരുവിക്കര പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് കവർച്ച അറിയുന്നത്. അന്വേഷണത്തിൽ മോഷ്ടാക്കൾ വന്ന കാറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി.
കേസിന്റെ അന്വേഷണത്തിനായി റൂറൽ എസ്.പി ശിൽപ ദേവയ്യ പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയൻ പിടിയിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി എസ്. സ്റ്റുവർട്ട് കീലർ, അരുവിക്കര സി.ഐ എസ്. ഷിബുകുമാർ എന്നിവർക്ക് പുറമേ, എസ്.ഐമാരായ വിനീഷ് ഖാൻ, ഷാജി, ഷിബു, പൊലീസുകാരായ ഉമേഷ് ബാബു, സജി എന്നിവർ ഉൾപ്പെട്ട ഷാഡോ സംഘം ആയിരുന്നു പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.