നെടുമങ്ങാട്: നെടുമങ്ങാട് ഗവ.കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകർ ഏറ്റുമുട്ടി; മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ചികിത്സതേടി എത്തിയ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ വെച്ചും ഏറ്റുമുട്ടി. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അഭിരാം, കെ.എസ്.യു പ്രവർത്തകരായ അശോക്, നസീർ എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. കോളജില്‍ ആര്‍ട്സ് ഫെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത മീറ്റിങ്ങിനിടെയായിരുന്നു സംഘട്ടനം.
കെ.എസ്.യു യൂനിറ്റ് ഭാരവാഹികളായ അഷ്ഫാക്ക്, റയാന്, വിപിന്‍, നീരജ് എന്നിവരുടെ നേതൃത്വത്തിലാണ് കോളജില്‍ ആക്രമണം നടന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ആക്രമികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും കോളജില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും എസ്.എഫ്.ഐ നെടുമങ്ങാട് ഏരിയ ഭാരവാഹികളായ അനുരാജ് എ.കെ, അനൂപ് എന്നിവര്‍ ആവശ്യപ്പെട്ടു.
എന്നാൽ, തെരഞ്ഞെടുപ്പിൽ കെ.എസ്.യു വിജയിച്ചതു മുതൽ എസ്.എഫ്.ഐ പ്രവർത്തകരും പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് കെ.എസ്.യു പ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുന്നത് പതിവാണെന്ന് കെ.എസ്.യു ആരോപിച്ചു.
കോളജ് യൂനിയൻ ചെയർമാൻ, യൂനിറ്റ് പ്രസിഡന്റ്, മറ്റു പ്രവർത്തകർ എന്നിവരെ മർദിച്ചതായി കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് ആരോപിച്ചു. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഷ്ഫാക് മുഹമ്മദ്, നസീർ, വിപിൻരാജ്, മുഹമ്മദ് റയ്യാൻ എന്നിവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.