നെടുമങ്ങാട്: വെള്ളനാട് കരുണസായി ലഹരി വിമുക്തി കേന്ദ്രത്തിൽ സഹവാസിയെ പൂച്ചട്ടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. സംഭവത്തിനുശേഷം സ്കൂട്ടർ മോഷ്ടിച്ച് സ്ഥലംവിട്ട കൊല്ലം പരവൂർ പൂതക്കുളം പുത്തൻവീട്ടിൽ എസ്. ബിജോയി (25) യെയാണ് ആര്യനാട് െപാലീസ് ചിറയിൻകീഴിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലഹരി വിമുക്തി കേന്ദ്രത്തിൽ ബിജോയിക്ക് കൂട്ടിരുന്ന ആളെയും പൊലീസ് പിടികൂടി.
കഴക്കൂട്ടം ഉള്ളൂർക്കോണം വടക്കുംകര പുത്തൻവീട്ടിൽ എം. വിജയനാണ് (50) കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി തലക്കടിയേറ്റ് മരിച്ചത്. മദ്യപാനം നിർത്താനായി ചികിത്സക്കെത്തിയതായിരുന്നു ഇരുവരും. സംഭവദിവസം വൈകീട്ട് അക്രമാസക്തനായ ബിജോയി പൂച്ചട്ടിയെടുത്ത് വരാന്തയിൽ ഇരിക്കുകയായിരുന്ന വിജയന്റെ തലക്കടിച്ചു.
കൈയിൽ കിട്ടിയ കമ്പികൊണ്ടും അടിച്ചു. കേന്ദ്രത്തിലെ ജനൽചില്ലുകളും തകർത്ത ബിജോയി അക്രമാസക്തനായതിനാൽ ആദ്യം ആർക്കും അടുക്കാനായില്ല. കമ്പിയുമായി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ഇയാൾ ഗ്രില്ലിന്റെ പൂട്ട് തകർത്ത് സമീപത്തേക്ക് ചാഞ്ഞുനിന്ന റബർ മരത്തിലൂടെ മതിലിന് പുറത്തിറങ്ങി തോട്ടത്തിലൂടെ നടന്ന് സമീപത്തെ റോഡിലെത്തി.
അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറെടുത്ത് സ്ഥലംവിട്ടു. പരിക്കേറ്റ വിജയനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുന്നാനുള്ള വസ്ത്രം കുളക്കോട്ടുള്ള തയ്യൽക്കാരന്‍റെ വീട്ടിൽ കൊടുക്കാനെത്തിയ കുളക്കോട് സി.എസ്.ഐ ചർച്ചിന് സമീപം മേരി ഭവനിൽ പി. ശ്രീകുമാരിയും ഭർത്താവ് ഇ. ജോൺ പ്രസാദും സഞ്ചരിച്ച സ്കൂട്ടറുമായാണ് ബിജോയ് രക്ഷപ്പെട്ടത്.
താക്കോൽ സ്കൂട്ടറിൽ തന്നെയുണ്ടായിരുന്നു. അഴിക്കോട് പമ്പിൽ നിന്ന് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി. നഴ്സിങ് വിദ്യാർഥിനിയായ സഹോദരിയെ കാണാൻ ബിജോയി ചിറയിൻകീഴിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാളെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.