നെടുമങ്ങാട്: ജനിച്ച് പൊക്കിൾ കൊടി മുറിക്കുന്നത് മുതൽ മരിച്ച് സംസ്കരിക്കുന്നതുവരെ കൊല്ലന്റെയും അവന്റെ ആലയുടെയും സഹായം മനുഷ്യന് വേണമെന്നാണ് പഴമൊഴി. എന്നാൽ, ആ കാലം പോയ്മറഞ്ഞു. നാടിന്റെ പല ഭാഗങ്ങളിലായി കണ്ടിരുന്ന ആലകൾ വിസ്മൃതിയിലേക്ക് നീങ്ങുന്നു. മരക്കരി കനലാക്കി അതിൽ ഇരുമ്പ് പഴുപ്പിച്ചു അടകല്ലിൽവെച്ച് അടിച്ചു പരത്തുന്നതിന്റെയും അരം കൊണ്ട് രാകി മൂർച്ച കൂട്ടുന്നതിന്റെയും ശബ്ദം നിലച്ച ആലകൾ ഓരോന്നായി അടച്ചുപൂട്ടുകയാണ്.
വൻകിട വ്യവസായസ്ഥാപങ്ങൾ മൺവെട്ടിയും കുന്താലിയുമടക്കം കാർഷികോപകരണങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിൻപുറങ്ങളിലെ ആലകൾ ഇല്ലാതാകാൻ തുടങ്ങിയത്. ആലകളിൽ പരമ്പരാഗതമായി നിർമിക്കുന്ന ഉപകരണങ്ങളെക്കാൾ വിലക്കുറവിൽ വ്യവസായശാലകളിൽ നിർമിക്കുന്നവ ലഭിച്ചുതുടങ്ങിയതോടെ പരമ്പരാഗത കുടിൽ വ്യവസായമായ കൊല്ലപ്പണി കൂടുതൽ പ്രതിസന്ധിയിലായി. ഇരുമ്പ്, ഉരുക്ക്, കരി എന്നിവയുടെ വിലക്കയറ്റവും കൂടുതൽ വില നൽകിയാലും കരിയുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി.
ഇരുമ്പ്, ഉരുക്ക്, കരി എന്നിവയാണ് കൊല്ലപ്പണിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ. മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ ഉരുക്കാണ് ഉപയോഗിക്കുന്നത്. ഉല, ചുറ്റിക, അടക്കല്ല്, കൊടിൽ എന്നിവയാണ് പണിയായുധങ്ങൾ. ഉലയാണ് കാറ്റിനെ നിയന്ത്രിച്ച് കരിയെ കനലാക്കി ഇരുമ്പിനെ പഴുപ്പിക്കുന്നത്. ഒരുകാലത്ത് കാർഷിക ഉപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി സമസ്ത തൊഴിൽ മേഖലക്കും ആവശ്യമായ ഇരുമ്പ്, ഉരുക്ക് ഉപകരണങ്ങൾ നിർമിച്ചിരുന്നത് ഇത്തരം ആലകളിലായിരുന്നു. കോടാലിയും വാക്കത്തിയും ഉണ്ടാക്കാനും മൂർച്ച കൂട്ടാനും എത്തുന്നവരും അപൂർവം.
തൊഴിൽ കുറഞ്ഞ് ജീവിതം വഴിമുട്ടിയ അവസ്ഥയിലും ഉലയൂതി പാരമ്പര്യത്തിന്റെ കനലുകൾ കേടാതെ നോക്കുന്ന അപൂർവം ചിലർ ഇന്നും നാട്ടിൻപുറങ്ങളിൽ ആലകളുമായി മുന്നോട്ട് പോകുന്നുണ്ട്.
ഈ മേഖലയിലെ പ്രതിസന്ധി തൊഴിലിലേക്കുള്ള യുവതലമുറയുടെ കടന്നുവരവിനെ പൂർണമായും തടഞ്ഞെന്ന് കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ആല നടത്തുന്ന ഇരട്ടിച്ചിറ സ്വദേശി പ്രസാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.