നെടുമങ്ങാട്: ഹോർട്ടികോർപ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക നൽകുമെന്ന മന്ത്രിയുടെ വാക്ക് പാഴ്വാക്കായി. ഹോർട്ടികോർപ്പിന് ഉൽപന്നങ്ങൾ നൽകിയ വകയിൽ കുടിശ്ശിക വന്ന തുക ഇനിയും കർഷകർക്ക് ലഭിച്ചില്ല. നെടുമങ്ങാട് നടന്ന കൃഷിദർശൻ പരിപാടിയിൽ വെച്ചാണ് കൃഷി മന്ത്രി പി. പ്രസാദ് ഹോർട്ടികോർപ് കുടിശ്ശിക നൽകുമെന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ജനുവരി 31നകം കർഷകരുടെ മുഴുവൻ കുടിശ്ശികയും നൽകുമെന്നായിരുന്നു വാഗ്ദാനം.
ഉൽപന്നങ്ങൾ നൽകി മാസങ്ങളായിട്ടും പണം ലഭിക്കാതെ കർഷകർ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷയോടെ കണ്ടെങ്കിലും നിരാശപ്പെടേണ്ട സാഹചര്യമാണ്. വിവിധ ജില്ലകളിലായി ഹോർട്ടികോർപ് നാല് കോടിയിലേറെ രൂപ കർഷകർക്ക് നൽകാനുണ്ട്.
കർഷകരിൽനിന്നും ഹോർട്ടികോർപ് കടമായാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്. ഇത് സ്റ്റാളുകൾ വഴി വിറ്റഴിച്ച് മാസങ്ങൾ കഴിഞ്ഞാലും കർഷകർക്ക് പണം നൽകാറില്ല. പിന്നീട് സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയ ശേഷമാണ് ഗഡുക്കളായി പണം നൽകാറുള്ളത്.
നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്ത വ്യാപാര വിപണിയിൽ ഉൾപ്പെടെ ഹോർട്ടിക്കോർപ്പിന് പച്ചക്കറി നൽകി പണത്തിനായി കാത്തിരിക്കുന്നത് നൂറുകണക്കിന് കർഷകരാണ്. 15 ലക്ഷം രൂപവരെ കുടിശ്ശിക കിട്ടാനുള്ള കർഷകരുണ്ട്. നെടുമങ്ങാട് മാർക്കറ്റിൽ മാത്രം 215 കർഷകർക്കായി 77 ലക്ഷം രൂപ ഹോർട്ടികോർപ് നൽകണം. പല കർഷകരും കടം വാങ്ങിയും ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി ചെയ്യുന്നത്. സമയത്തിന് പണം ലഭിക്കാതാകുന്നതോടെ ഇവർ കടക്കെണിയിലാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.