നെടുമങ്ങാട്: ഒരു കോടി ചെലവിട്ട് അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ നവീകരിച്ച റോഡിൽ ഒരുമാസത്തിനകം കുഴികൾ. ടാറിങ് ഉപകരണങ്ങളും ജോലിക്കാരും പോയതിന്റെ തൊട്ടുപിന്നാലെ റോഡ് പലഭാഗങ്ങളിലായി തകര്‍ന്നടിഞ്ഞു. നെടുമങ്ങാടിനെ ടൂറിസം കേന്ദ്രമായ അരുവിക്കരയുമായി യോജിപ്പിക്കുന്ന അരുവിക്കര-മഞ്ച റോഡിനാണ് ഈ ഗതികേട്.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്ഥലം ഏറ്റെടുത്ത് റോഡ് നവീകരിക്കുന്നതിന് കിഫ്ബി വലിയ പദ്ധതി തയാറാക്കിയിരുന്നു. ഇത് നടപ്പാക്കുന്നതിനുള്ള കാലതാമസം സംഭവിച്ചതിനിടയിലാണ് കിഫ്ബിയില്‍ നിന്ന് ഒരു കോടി അനുവദിച്ചത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് നരകയാതന അനുഭവിച്ചിരുന്ന പാതയാണിത്.
ഇരുചക്രവാഹനങ്ങള്‍ പോലും ഇതുവഴി ഓടാത്ത സ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് എം.എല്‍.എ ഇടപെട്ട് താല്‍ക്കാലിക ആശ്വാസം എന്ന നിലയില്‍ അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് നവീകരിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന നിര്‍മാണ ജോലികളിലെ അശാസ്ത്രീയതയും അപാകതയുമാണ് റോഡ് തകര്‍ന്നടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അരുവിക്കര നിന്നുള്ള ജലവിതരണ പൈപ്പുകളുടെ മാന്‍ഹോളുകള്‍ നിരവധിയുണ്ട് ഈ റോഡില്‍. ഇതിനുമുകളില്‍ കൂടി റോഡ് റോളറുകള്‍ കയറിയിറങ്ങിയപ്പോഴും അപകടമുണ്ടായി. നിരപ്പല്ലാത്ത റോഡുകളില്‍ മെറ്റല്‍ പാകിയതിലും റോഡിന്റെ വശങ്ങളില് സിമന്റ് കോണ്‍ക്രീറ്റ് ചെയ്യാത്തതും റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിയാന്‍ ഇടയായതായി നാട്ടുകാര്‍ പറയുന്നു. മഞ്ച ടെക്നിക്കൽ സ്കൂള്‍, ഹൈസ്കൂള്‍ ജങ്ഷനുകള്‍, കളത്തറ തുടങ്ങിയ പ്രദശങ്ങളിലെല്ലാം പഴയതിെനക്കാള് വലിയ കുഴികളായി. കഴിഞ്ഞ മഴ കൂടിയായപ്പോള്‍ റോഡിന്റെ തകര്‍ച്ച ഏതാണ്ട് പൂര്‍ണമായി. വലിയ കുഴികളില്‍ പഴയതുപോലെ വെള്ളം കെട്ടിനിന്ന് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു.
റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 41.6 കോടി അനുവദിച്ചിട്ട് വര്‍ഷങ്ങളായി. റോഡ് നിര്‍മാണം അളവിലും തറക്കല്ലിടലിലും മാത്രം ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.