നെടുമങ്ങാട്: ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ. തൊളിക്കോട് പണ്ടാരവിളാകം തോട്ടരികത്തുവീട്ടിൽ മാലിനി (46) ആണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ബ്ലൂബെറി എന്ന ബ്യൂട്ടി പാർലറിൽ പർദയും മുഖാവരണവും ധരിച്ചെത്തിയ മാലിനി മുടി മിനുക്കണമെന്നും പണം നാത്തൂന്റെ കൈയിലാണെന്നും പറഞ്ഞു. അവരെ കാത്തിരിക്കുന്ന രീതിയിൽ ബ്യൂട്ടി പാർലറിലിരുന്നു. ഇതിനിടയിൽ പാർലർ ജീവനക്കാരി ആനാട് വടക്കേല മൈലമൂട് വീട്ടിൽ ശ്രീകുട്ടിയോട് സൗഹൃദം കൂടി അവരുടെ കഴുത്തിൽ കിടന്ന മാല പിടിച്ചുനോക്കുകയും സ്വർണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പരിസരത്തൊക്കെ ആളൊഴിഞ്ഞ സമയം നോക്കി ശ്രീകുട്ടിയുടെ കണ്ണിൽ മുളക്പൊടി എറിയുകയും മാല പൊട്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു.
മുഖത്ത് മുളക് പൊടി വീണതോടെ നിലവിളിച്ചുകൊണ്ട് ശ്രീക്കുട്ടി പാർലറിന്റെ മുൻവശത്തെ ഗ്ലാസ് ഡോർ തകർത്തുകൊണ്ട് പുറത്തേക്ക് ചാടി. ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ കടകളിലെ ആളുകളാണ് മാലിനിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.