െനടുമങ്ങാട്: ജില്ലയിലെ ആദിവാസി മേഖലകളിൽ പെൺകുട്ടികളുടെ ആത്മഹത്യകൾ പതിവാകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവങ്ങൾക്കു പിന്നിലെ കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്ന് സംഘടനകളും രാഷ്ട്രീയകക്ഷികളും ഉൾപ്പെടെ ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എൽ.ജെ.ഡി. ചാരുപാറ രവി, ഉന്നത പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ ഉൗരുകൾ സന്ദർശിച്ചു.
പല ആദിവാസി ഊരുകളും ലഹരിയുടെയും മയക്കുമരുന്നിന്റെയും കേന്ദ്രങ്ങളായി മാറി. സ്വതന്ത്രമായി വഴിനടക്കാൻ പോലും ആദിവാസികൾ ഭയക്കുന്ന സാഹചര്യം സൃഷ്ടിച്ചവർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് വനവാസി സമിതി ആവശ്യപ്പെട്ടു.
ഊരുകളിലെ ജനപ്രതിനിധികളെയും സംഘടനാ പ്രവർത്തകരെയും ഉൾപ്പെടുത്തി പൊലീസ് മോണിറ്ററിങ് സമിതികൾ പുനഃസംഘടിപ്പിക്കണമെന്നും വനവാസി സംരക്ഷണ സമിതി ജില്ലാ ജനറൽ കൺവീനർ സി.കെ.രാജശേഖരൻ, ശശികുമാർ ഞാറനീലി, ശങ്കരൻകാണി, ചന്ദ്രൻ മൊട്ടമൂട്, വിജയൻ വിതുര, ചന്ദ്രൻ കല്ലാർ, രാജേന്ദ്രൻ പൊൻപാറ, അജയൻ എന്നിവർ ആവശ്യപ്പെട്ടു.
വിതുര പഞ്ചായത്തിലെ ആദിവാസി മേഖലയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട് കൊടിക്കുന്നിൽ സുരേഷ് എം.പി. സന്ദർശിച്ചു. ആദിവാസി മേഖലകളിൽ എക്സൈസും പോലീസും സ്ഥിരം പട്രോളിങ് നടത്തണമെന്നും ലഹരിപദാർഥങ്ങളുമായി പ്രവേശിക്കുന്നവർക്ക് കർശനമായ ശിക്ഷ നൽകണമെന്നും ആത്മഹത്യകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദിവാസി കുട്ടികളുടെ ആത്മഹത്യകൾ പതിവാകുന്നത് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുളത്തൂപ്പുഴ ശശിധരൻ ജില്ലാ പ്രസിഡന്റ് പൊൻപാറ സതീഷ്, വൈസ് പ്രസിഡന്റ് കരിപ്പാലം സുരേഷ്, സെക്രട്ടറിമാരായ അരവിന്ദ്, ജയശ്രീ, മണിതൂക്കി സുരേന്ദ്രൻ, എം.സി.സുരേന്ദ്രൻ, പ്രതാപൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.