നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ക്കു​ന്നു

അപകട മേഖലയായി വാളിക്കോട് പാലം ജങ്ഷൻ

നെടുമങ്ങാട്: അപകട മേഖലയായി വാളിക്കോട് പാലം ജങ്ഷൻ. നാല് റോഡുകൾ നേർക്കുനേർ സംഗമിക്കുന്ന ജങ്ഷനിൽ നിത്യവും അപകടങ്ങൾ നടക്കുന്നു. കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപിക ടിപ്പർ ലോറി തട്ടി മരിച്ചതുൾപ്പെടെ ഒരു വർഷത്തിനിടയിൽ മൂന്നു ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.

മാസങ്ങൾക്കു മുമ്പ് ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി ഇടിച്ചു മരിച്ചിരുന്നു. ഇതുകൂടാതെ നിരവധി പേരാണ് അപകടത്തിൽപെട്ട് ഗുരുതരമായി പരിക്കേറ്റത്. വാളിക്കോട് -വട്ടപ്പാറ മെയിൻ റോഡിലേക്ക് കരകുളം -പഴകുറ്റി പഴയ രാജപാത വന്നിറങ്ങുന്നിടത്താണ് അപകടം.

കൊപ്പം ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾ വളരെ അടുത്തെത്തിയാൽ മാത്രമേ കാണാൻ കഴിയൂ. ഇറക്കമായതിനാൽ വാഹനങ്ങൾ മെയിൻ റോഡിലേക്ക് നിയന്ത്രണം വിട്ടു വന്നിറങ്ങാറുണ്ട്.

ഇത്തരത്തിൽ വന്ന ഒരു ലോറിയാണ് ബൈക്കിൽ മെയിൻ റോഡിലൂടെ പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. റോഡുകൾ ടാർ ചെയ്തു വൃത്തിയാക്കിയതോടെ വാഹനങ്ങളുടെ വേഗവും കൂടി. കൊപ്പം ഇറക്കം ഇറങ്ങിവരുന്ന റോഡിൽ മുമ്പ് ഹമ്പ് സ്ഥാപിച്ചിരുന്നത്. പുതിയ റോഡ് പണി നടന്നപ്പോൾ ഇല്ലാതായതും അപകടങ്ങൾ വർധിക്കാനിടയാക്കി.

റോഡ് അപകടങ്ങൾ തുടർന്നതോടെ മെയിൻ റോഡിലേക്ക് വന്നുചേരുന്ന രണ്ടു റോഡുകളിലും ഹമ്പുകൾ സ്ഥാപിക്കണമെന്നും ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡിന്റെ സേവനം ഉറപ്പാക്കാണെന്നും നാട്ടുകാർ സ്ഥിരമായി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

കഴിഞ്ഞ ഒരു വർഷമായി പഴകുറ്റി പാലം പൊളിച്ചു പണി നടക്കുന്നതിനാൽ കൂടുതൽ വാഹനങ്ങൾ എം.സി റോഡിലേക്ക് കടക്കാൻ ഈ റോഡുകളെയാണ് ആശ്രയിക്കുന്നത്. ആയതിനാൽ പതിവിലേറെ തിരക്കാണ് ഇവിടെ ഉണ്ടാകാറുള്ളത്.

കഴിഞ്ഞ ദിവസം അപകടത്തിൽ അധ്യാപിക മരിച്ചതോടെ ക്ഷുഭിതരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. ജങ്ഷനിൽ ഹോം ഗാർഡിനെ നിർത്തുക, രണ്ട് റോഡുകളിൽ ഹമ്പ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. പൊലീസെത്തി സമരക്കാരുമായി സംസാരിക്കുകയും ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

തുടർന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിൽ എത്തിയ നാട്ടുകാർ അവിടെയും സമരം നടത്തി. രണ്ട് റോഡിലും അടിയന്തരമായി ഹമ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ഉച്ചയോടെ പണി ആരംഭിക്കുകയും ചെയ്തു.

Tags:    
News Summary - Valikode Junction is danger zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.