നെടുമങ്ങാട്: പട്ടികവർഗ വിദ്യാർഥികൾക്ക് താമസസ്ഥലത്തുനിന്ന് സ്കൂളിൽ പോയ്വരാൻ സൗകര്യമൊരുക്കിവന്ന ഗോത്ര സാരഥി പദ്ധതി ഇനിമുതൽ വിദ്യാവാഹിനി. 2023-24 അധ്യയന വർഷം മുതലാണ് പദ്ധതി പുനർനാമകരണം ചെയ്യാൻ പട്ടികജാതി-വർഗ വികസന വകുപ്പ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് വകുപ്പ് പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു.
പട്ടികവർഗ വിഭാഗം വിദ്യാർഥികളുടെ സ്കൂളുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും അവരെ പഠനത്തിൽ കൂടുതൽ താൽപര്യമുള്ളവരാക്കി മാറ്റാനുമായി വാസസ്ഥലത്തുനിന്ന് സ്കൂളുകളിൽ പോയ്വരാൻ യാത്ര സൗകര്യമൊരുക്കി നൽകുന്ന ഗോത്ര സാരഥി 2013-14 അധ്യയന വർഷം മുതലാണ് ആരംഭിച്ചത്. തുടക്കത്തിൽ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ച പദ്ധതി വിദ്യാർഥികൾക്ക് ഗുണകരമായിരുന്നു.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽനിന്നും ഉൾക്കാടുകളിൽനിന്നും കാൽനടയായി സ്കൂളുകളിൽ പോയിരുന്ന വിദ്യാർഥികൾക്ക് ഭയം കൂടാതെ വാഹനങ്ങളിൽ സ്കൂളുകളിലേക്കും തിരികെയുമെത്താൻ കഴിഞ്ഞത് രക്ഷകർത്താക്കൾക്കും ആശ്വാസമായിരുന്നു.
എന്നാൽ, 2020-21അധ്യയന വർഷം മുതൽ പദ്ധതി നടത്തിപ്പ് തദ്ദേശ സ്ഥാപനങ്ങളെയേൽപിച്ചു. ഇതോടെ പദ്ധതി നടത്തിപ്പ് അവതാളത്തിലായി. മിക്ക പഞ്ചായത്തുകളും പദ്ധതി നടത്തിപ്പിൽനിന്നും പിന്നോട്ടുപോയി. പദ്ധതി നടപ്പാക്കുന്നതിലും തുക അനുവദിക്കുന്നതിലും തടസ്സം നേരിട്ടതോടെയാണ് പഞ്ചായത്തുകൾ നടത്തിപ്പിൽ ശ്രദ്ധിക്കാതെയായത്.
പദ്ധതിയുടെ പോരായ്മകൾ പരിഹരിച്ച് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയും വകുപ്പ് നേരിട്ട് നടത്തിപ്പ് ചുമതല ഏറ്റെടുക്കാനുമാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. നിരവധി മാർഗനിർദേശങ്ങൾ ഇതിനായി പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ സ്കൂളിലും രൂപവത്കരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല.
ഹെഡ് മാസ്റ്റർ കൺവീനറായും പി.ടി.എ പ്രസിഡന്റ് പ്രസിഡന്റായും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ജോയന്റ് കൺവീനറായും പഞ്ചായത്ത് അംഗം, സീനിയർ അധ്യാപകൻ, പട്ടിക വർഗ പ്രമോട്ടർ, അധ്യാപകർ, പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥിയുടെ രക്ഷാകർത്താവ് എന്നിവർ അംഗങ്ങളുമായാണ് മോണിറ്ററിങ് കമ്മിറ്റി നിലവിൽ വരുക.
പട്ടിക വർഗക്കാരായ ഡ്രൈവർമാർക്കും വാഹന ഉടമകൾക്കുംകൂടി ജോലിയും വരുമാനവും നൽകുന്ന രീതിയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്.
വാഹനത്തിന് ക്വട്ടേഷൻ ക്ഷണിക്കുമ്പോൾ പട്ടിക വർഗക്കാരായ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമായിരിക്കും മുൻഗണന. വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പൊതുവായി നിഷ്കർഷിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.