നെടുമങ്ങാട്: നഗരസഭ വിദ്യാർഥികള്‍ക്കുവേണ്ടി വാങ്ങിയ ലാപ്ടോപ്പില്‍ നാലെണ്ണം കാണാനില്ലെന്നു കാണിച്ച് വിജിലന്‍സ് ആൻഡ് ആന്റികറപ്ഷന്‍ ബ്യൂറോ നല്കിയ വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നെടുമങ്ങാട് നഗരസഭയിലെ പട്ടികജാതി വികസന ഓഫിസില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക് വാർത്ത നല്‍കിയത്.
2019-20 വര്‍ഷത്തില്‍ നഗരസഭ 34 വിദ്യാർഥികള്‍ക്ക് ലാപ്ടോപ് വാങ്ങി നല്കാന് പദ്ധതി തയാറാക്കിയിരുന്നു. 30,000 രൂപ ക്രമത്തില്‍ 34 ലാപ്ടോപ്പുകള്‍ക്ക് 10,20,000 രൂപ വകയിരുത്തുകയും ചെയ്തു. എന്നാല്‍, ഗുണഭോക്തൃ ലിസ്റ്റ് പരിശോധിച്ച് അര്‍ഹത ഉറപ്പുവരുത്തിയ ആദ്യഘട്ടത്തില്‍ 23 ഗുണഭോക്താക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതുപ്രകാരം 7,69,994 രൂപ വിനിയോഗിച്ച് 23 ലാപ്ടോപ്പുകള് വാങ്ങി.
ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി ലാപ്ടോപ് കൈപ്പറ്റാന്‍ അപേക്ഷകര്‍ക്ക് അറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍, 17 പേര് മാത്രമാണ് കൃത്യമായ രേഖകള്‍ ഹാജരാക്കി ലാപ്ടോപ് കൈപ്പറ്റിയത്. പലവട്ടം ആവശ്യപ്പെട്ടിട്ടും തയാറാകാത്ത ആറ് ഗുണഭോക്താക്കളെ ഒഴിവാക്കി പുതിയ ആറുപേരെ നിയമാനുസൃതം പിന്നീടു കണ്ടെത്തി.
അവര്‍ക്ക് ലാപ്ടോപ്പുകള് കൈമാറി. ഏഴ് അര്‍ഹതയുള്ള ഗുണഭോക്താക്കളെ കൂടി പിന്നീടു കണ്ടെത്തുകയും 2020-21ല്‍ 2,72,314 രൂപ വകയിരുത്തി 209/22 സ്പില്‍ ഓവറായി 1,97,155 രൂപ വിനിയോഗിച്ച് ഏഴു ലാപ്ടോപ്പുകള്കൂടി വാങ്ങി. അപേക്ഷര്‍ക്ക് നിയമാനുസൃതംതന്നെ അവ കൈമാറി. അതോടെ പദ്ധതി പ്രകാരം നഗരസഭ 30 ഗുണഭോക്താക്കള്‍ക്കാണ് ലാപ്ടോപ്പുകള് വിതരണം ചെയ്തത്. അതിനുള്ള തുകമാത്രമാണ് ചെലവഴിച്ചിട്ടുള്ളതും.
34 പേര്‍ക്ക് നല്കാന് തീരുമാനിച്ചെങ്കിലും അര്‍ഹരായ നാലുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ തുക വിനിയോഗിക്കുകയോ, ലാപ്ടോപ്പുകള് വാങ്ങുകയോ ചെയ്തിട്ടില്ല. ആ നാല് ലാപ്ടോപ്പുകള് കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് പത്ര ദൃശ്യമാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കിയത്. തീര്‍ത്തും അടിസ്ഥാനരഹിതമാണത്. ഇതുമായി ബന്ധപ്പെട്ട വാസ്തവങ്ങളെല്ലാം രേഖകളോടെ വിജിലന്‍സ് സംഘത്തെ ബോധ്യപ്പെടുത്തിയതുമാണ്.
ശേഷവും തെറ്റായനിലയില്‍ വിവരങ്ങള്‍ വാര്‍ത്തയായി നല്‍കിയത് പരിശോധിച്ച് തിരുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്ന് ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ ആവശ്യപ്പെട്ടു. വൈസ് ചെയര്മാന് എസ്. രവീന്ദ്രന്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻമാരായ പി. ഹരികേശന്‍ നായര്‍, ബി. സതീശന് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.