നെടുമങ്ങാട്: കരകുളം പഞ്ചായത്തിലെ കഴുനാട് വാര്‍ഡില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വാര്‍ഡംഗം സ്വന്തം വസ്തുവിലേക്ക് റോഡ് നിർമിച്ചതായി പരാതി. കഴുനാട് വാര്‍ഡംഗം ദീപയാണ് പ്ലോട്ടുകള്‍ തിരിച്ച് വില്‍ക്കാനിട്ടിരിക്കുന്ന വസ്തുവിലേക്ക് റോഡു നിർമിച്ചത്. 75 സെന്റ് സ്ഥലം 12പ്ലോട്ടുകളായി തിരിച്ച് വിൽപനക്കിട്ടിരിക്കുകയാണ്. ഈ പ്ലോട്ടുകളിലേക്ക് എത്തുന്നതിനാണ് വാര്‍ഡംഗം പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തതെന്നാണ് ആരോപണം.
8.70 ലക്ഷം രൂപയാണ് റോഡിനുവേണ്ടി ചെലവിട്ടത്. നാല് മീറ്റര്‍ വീതിയില്‍ 125 മീറ്റര്‍ ദൂരമാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. വില്‍പനക്കിട്ടിരിക്കുന്ന വസ്തുവിന്റെ ഒത്ത നടുക്കാണ് ഈ റോഡ്. റോഡിന്റെ ഇരുവശവും കല്ല് പാകി ഭിത്തിയും നിർമിച്ചിട്ടുണ്ട്. ജലഅതോറിറ്റിയുടെ സൗജന്യ കുടിവെള്ള ടാപ്പുകളും തെരുവുവിളക്കുകള്‍ക്കുള്ള പോസ്റ്റുകളും സ്ഥാപിച്ചു. ആള്‍താമസമില്ലാത്ത ഭാഗത്താണ് റോഡ് നിർമിച്ചതെന്നാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഉന്നയിക്കുന്ന പരാതി. എന്തിനാണ് ഈ റോഡ് നിർമിച്ചിരിക്കുന്നതെന്ന് വാര്‍ഡംഗത്തിനും മറുപടിയില്ല. സംഭവം വിവാദമായതോടെ പദ്ധതി നിര്‍വഹണത്തിന്റെ അടങ്കൽതുക രേഖപ്പെടുത്തിയ ബോര്‍ഡ് ഇവിടെനിന്നും മാറ്റി. കരകുളം പഞ്ചായത്തിലെ പൊതുമരാമത്ത് ടെക്‌നിക്കല്‍ വിഭാഗത്തിന്റെ വലിയ പിന്തുണയാണ് ഈ റോഡ് പണിക്ക് ലഭിച്ചത്. വന്‍ അഴിമതി ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ബി.ജെ.പി മണ്ഡലം കമ്മിറ്റി കഴിഞ്ഞദിവസം പഞ്ചായത്ത് ഉപരോധം നടത്തിയിരുന്നു.
ലക്ഷങ്ങള്‍ വക മാറ്റി സ്വന്തം വസ്തുവിലേക്ക് വഴി നിർമിച്ച സംഭവത്തില്‍ വാര്‍ഡംഗം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പണം തിരികെ ഈടാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി അംഗം വട്ടപ്പാറ ബാബുരാജും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മരുതൂര്‍ വിജയനും പറഞ്ഞു.
എന്നാല്‍, റോഡ് നിർമാണത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയം കലര്‍ത്തുകയാണെന്നും ഇപ്പോള്‍ നിർമിക്കുന്ന റോഡ് രണ്ടാം ഘട്ടത്തില്‍ ഇണ്ടളയപ്പന്‍ റോഡുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗമാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും പഞ്ചായത്ത് അംഗം ദീപ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.