നെടുമങ്ങാട്: റോഡിൽ കോഴി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത് നാട്ടുകാർക്ക് തീരാദുരിതമായി മാറുന്നു. വഴിവക്കിലും വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലും നീർച്ചാലുകളിലും ഇത് വലിച്ചെറിയുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. രാത്രിയുടെ മറവിൽ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയാണ് ഇത് റോഡുവക്കിൽ തള്ളുന്നത്. അതോടെ ഇവിടം തെരുവുനായ്ക്കളുടെ കേന്ദ്രമാകും.
അരുവിക്കര ഡാം റിസർവോയറിൽ വരെ ഇത്തരത്തിൽ മാലിന്യം തള്ളുന്നുണ്ട്. താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊന്നും പൊതു മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്തതാണ് ഇതിന് കാരണം. നെടുമങ്ങാട് നഗരസഭയാണ് മാലിന്യസംസ്കരണ സംവിധാനമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്. പലതവണ നഗരസഭ മാലിന്യ സംസ്കരണ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും സ്ഥലമെടുക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ എതിർപ്പു കാരണം മുടങ്ങുകയായിരുന്നു. ദിവസവും പൊതുവഴികളിൽ മാലിന്യം നിറയുകയാണ്.
നാട്ടുകാർ ഇടപെട്ട് രാത്രിയിൽ കാവലിരുന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്തിയ അപൂർവം സംഭവങ്ങളുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന കോഴിക്കടകളാണ് ജനജീവിതത്തിന് ഏറ്റവും ഭീഷണിയായി മാറിയിരിക്കുന്നത്.
നിയമപ്രകാരം കോഴിക്കടക്ക് ലൈസൻസ് കൊടുക്കണമെങ്കിൽ അവയുടെ മാലിന്യം സംസ്കരിക്കുന്നത് എവിടെയാണെന്ന് തദ്ദേശസ്ഥാപനങ്ങളെ ബോധ്യപ്പെടുത്തണം. എന്നാൽ, മിക്കയിടത്തും ഒറ്റമുറിക്കടകളിലാണ് കോഴിക്കച്ചവടം. ഒരു ദിവസം തന്നെ നൂറുകണക്കിന് കോഴികളെ ഇവിടെ കശാപ്പ് ചെയ്യുന്നു. മാലിന്യം മറവുചെയ്യാൻ മിക്കകടകളിലും സൗകര്യമില്ല.
ചാക്കുകളിൽ കെട്ടിവെക്കുന്ന മാലിന്യം രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുപോയി ഉൾവനങ്ങളിൽ വരെ തള്ളുന്നു. എന്നാൽ, ടൗണിലും മറ്റും കടകളിൽനിന്നും കോഴി മാലിന്യം ശേഖരിക്കാൻ പന്നി ഫാമുകളിൽനിന്ന് ആളെത്തും. ഇവർ ഇതിന് ഒരു തുകയും കടകളിൽനിന്ന് ഈടാക്കും. നഗരസഭ മാലിന്യ സംസ്കരണത്തിന് പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും എല്ലാം പരാജയമായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മാലിന്യം കത്തിച്ചു കളയുന്ന ഇൻസിനറേറ്റർ ഉൾപ്പെടെ പ്രായോഗികമായില്ല.
തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനവും ഇവിടെ നടപ്പാക്കി. ഏറ്റവും ഒടുവിൽ ഹരിത കർമസേന രൂപവത്കരിച്ച് കടകളിൽനിന്നും വീടുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിച്ച് എം.ആർ.എഫ് ആക്കിമാറ്റുന്ന രീതിയും ഏർപ്പെടുത്തി. ഇതിനായി പലയിടത്തായി മിനി മാറ്റേഴ്സ് കളക്ഷൻ ഫെസിലിറ്റി(എം.സി.എഫ്) കിയോസ്ക്കുകളും സ്ഥാപിച്ചു.
എന്നാൽ, മറ്റ് മാലിന്യങ്ങൾ സംസ്കരിക്കാൻ ഇനിയും സംവിധാനങ്ങളില്ല. നഗരസഭ മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിത്യേന ലോഡുകണക്കിന് മാലിന്യങ്ങളാണ് ഉണ്ടാകുന്നത്.
ഇവ പലയിടത്തായി കൂട്ടിയിട്ട് ദുഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്. ചുള്ളിമാനൂർ, കുറുപുഴ, അഴിക്കോട്, അരുവിക്കര, ആനാട്, ചുള്ളിമാനൂർ, പനയമുട്ടം, ആട്ടുകാൽ റോഡുകളിലാണ് മാലിന്യം കൊണ്ടുള്ള ശല്യം രൂക്ഷമായിട്ടുള്ളത്. നഗരസഭയിലെ കല്ലിങ്കൽ, പറണ്ടോട്, മുക്കോല റോഡിലും വട്ടപ്പാറ റോഡിൽ വേങ്കോട്ടും കരകുളം കൂട്ടപ്പാറയിലും മാലിന്യ നിക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.