ഓപറേഷന്‍ യെല്ലോ തുടരുന്നു; പിടിച്ചെടുത്തത് 260 റേഷൻ കാർഡ്

തിരുവനന്തപുരം: അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശം വെച്ചവരെ കണ്ടെത്താൻ പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച 'ഓപറേഷൻ യെല്ലോ'യിൽ ഇതുവരെ പിടിച്ചെടുത്തത് 260 റേഷൻ കാർഡുകൾ. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ ആറുവരെ നടന്ന ഉദ്യോഗസ്ഥ പരിശോധയിലും പൊതുജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 102 കാർഡുകളാണ് പൊതുഭരണവകുപ്പ് പിടികൂടി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.

ഇതിനുപുറമെ വെള്ളിയാഴ്ച ജില്ല സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഫീൽഡ് തല വെരിഫിക്കേഷനിൽ 108 മുൻഗണന കാർഡുകളും 40 സബ്സിഡി കാർഡുകളും പിടിച്ചെടുത്തു.

സർക്കാർ ഉദ്യോഗസ്ഥരും വിദേശത്ത് ജോലിയുള്ളവരും സ്വന്തമായി നാലുചക്രവാഹനമുള്ളവരുടെയും കാർഡുകളാണ് പിടിച്ചെടുത്തവയിൽ ഏറെയും. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് സർക്കാർ ജീവനക്കാരെ മുൻഗണന പട്ടികയിൽനിന്ന് പൂർണമായി ഒഴിവാക്കുന്നതിന് 2017 ആഗസ്റ്റിലെ ശമ്പളം ലഭിക്കുന്നതിന് റേഷൻ കാർഡ് ഹാജരാക്കണമെന്ന് ജൂലൈ 26ന് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നു.

എന്നാൽ പലരും കാർഡ് ഹാജരാക്കാതെ തന്നെ ശമ്പളം കൈപ്പറ്റിയിരുന്നതായാണ് പരിശോധനയിൽ നിന്ന് പുറത്തുവരുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോഴും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുൻഗണന കാർഡുകൾ തിരിച്ചേൽപിക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിർദേശങ്ങൾ പാലിക്കാൻ പലരും തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ല സപ്ലൈ ഓഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു.

സമൂഹത്തില്‍ താഴെത്തട്ടിലുള്ള നിരാലംബര്‍ക്കും ആദിവാസികള്‍ക്കും പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കും മറ്റ് വരുമാന മാര്‍ഗമില്ലാത്ത കാന്‍സര്‍, കിഡ്‌നി തുടങ്ങിയ ഗുരുതര അസുഖബാധിതര്‍ക്കും നിരാലംബയായ സ്ത്രീ വരുമാന സ്രോതസ്സായിട്ടുള്ളവര്‍ക്കും മാത്രമാണ് എ.എ. വൈ കാര്‍ഡിന് അര്‍ഹത.

ജില്ലയിലെ 1843 റേഷൻ കടകളിലായി 1005859 കാർഡുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 61188 കാർഡുകൾ എ.എ.വൈയും (മഞ്ഞ) 444604 എണ്ണം മുൻഗണന (പിങ്ക്) കാർഡുകളുമാണ്. അനർഹരെ ഒഴിവാക്കുന്ന മുറക്ക് പുതിയ ആളുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഓപറേഷൻ യെല്ലോയിലൂടെ ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.

അനർഹർ ആരെല്ലാം

സര്‍ക്കാര്‍/അര്‍ഖ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വിസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്ത് ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ/ഫ്ലാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉള്ളവര്‍ (ഉപജീവനമാര്‍ഗമായ ടാക്‌സി ഒഴികെ) കുടുംബത്തിന് പ്രതിമാസം 25000 രൂപയിലധികം വരുമാനമുള്ളവര്‍

വിളിക്കാം 1967

അനർഹമായി റേഷൻ കാർഡുകൾ കൈവശംവെച്ചവരുടെ വിവരങ്ങൾ 1967 ട്രോൾഫ്രീ നമ്പറിലും 9188527301 മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് അറിയിക്കാം.

Tags:    
News Summary - Operation Yellow continues -260 ration cards seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.