പാറശ്ശാല: നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റെയില്‍വേ ലെവല്‍ ക്രോസുകളായ അമരവിള-കാരക്കോണം റോഡിലെ ഏയ്തുകൊണ്ടാന്‍കാണിയിലും അമരവിള ഒറ്റശേഖരമംഗലം റോഡിലെ കണ്ണന്‍കുഴിയിലും റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നതിനും പരശുവയ്ക്കലില്‍ നിലവിലെ ഓവര്‍ബ്രിഡ്ജ് പുനര്നവീകരനത്തിനും തീരുമാനമായി.
അമരവിള-കാരക്കോണം, അമരവിള-ഒറ്റശേഖരമംഗലം റോഡുകള്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന പ്രവര്‍ത്തനം നടക്കുകയാണ്. പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിത്തന്നെ ഇവിടെ ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുന്നതിനുള്ള പ്രപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നെങ്കിലും നാഗര്‍കോവില്‍- തിരുവനന്തപുരം റെയില്‍പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഡല്‍ഹിയിലെത്തി കേന്ദ്ര റെയില്‍ മന്ത്രിയുമായും ദക്ഷിണ റെയില്‍വേയുടെ ചുമതലയുള്ള സെക്രട്ടറിയുമായും നേരില്‍ സംസാരിക്കുകയും ഇവിടെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രപ്പോസല്‍ സമര്‍പ്പിക്കുകയും ചെയ്തു.
പ്രദേശത്ത് സബ് വേ നിര്‍മാണത്തിനാണ് ആദ്യഘട്ടത്തില്‍ െറയില്‍വേ വിഭാഗം അനുമതി നല്‍കിയത്. താഴ്ന്ന പ്രദേശമായതിനാല്‍ ഇതിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രാലയത്തിന് കത്തയച്ചിരുന്നു. കൂടാതെ പരശുവയ്ക്കലില്‍ സബ്വേ നിര്‍മിക്കുന്നതിലെ അശാസ്ത്രീയതയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
കഴിഞ്ഞദിവസം സി.കെ. ഹരീന്ദ്രന്‍ എം.എൽ.എയും പാര്‍ലമെന്റ് അംഗം ശിവദാസനും ചേര്‍ന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്മാന് സതീഷ് കുമാറിനെ നേരില്‍ കണ്ട് വിഷയം ഉള്‍പ്പെടുത്തിയ നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്മാന് എയ്തുകൊണ്ടാന്കാണിയിലും കണ്ണന്‍കുഴിയിലും പുതുതായി റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നതിനും പരശുവയ്ക്കലില്‍ സബ്വേ ഒഴിവാക്കി നിലവിലെ ഓവര്‍ബ്രിഡ്ജ് പുനര്നവീകരിക്കുന്നതിനും ദക്ഷിണ റെയില്‍വേക്ക് നിർദേശം നല്കി. വൈകാതെ തന്നെ ഡി.പി.ആര് തയാറാക്കി തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.