ചാടിയിറങ്ങവെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ടു, പൊലീ​സെത്തി കമിഴ്ന്ന് കിടക്കാൻ പറഞ്ഞു; അദ്ഭുതകരം ഈ രക്ഷപ്പെടൽ...

പാറശ്ശാല: ഓടുന്ന ട്രെയിനിൽനിന്ന് കോച്ച് മാറിക്കയറാൻ ചാടിയിറങ്ങിയ യാത്രക്കാരൻ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ടു. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെല്‍വേലി സ്വദേശി ഏണസ്റ്റ് (57) ആണ് വൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയോടെ പാറശ്ശാല റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കന്യാകുമാരി-ദിബ്രുഗഢ് എക്‌സ്പ്രസിൽനിന്ന് യാത്രക്കാരന്‍ വീണതുകണ്ട റെയില്‍വേ പൊലീസുകാര്‍ സ്‍ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. അരയ്ക്കുതാ​ഴ്ഭാഗം ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഏണസ്റ്റ്. കാൽ പ്ലാറ്റ്‌ഫോമിനോട് ചേർത്ത് കമിഴ്ന്നുകിടക്കുവാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തീവണ്ടി പ്ലാറ്റ്‌ഫോമില്‍നിന്ന് മാറിയ ശേഷമാണ് നിസ്സാര പരിക്കുകളോടെ ഏണസ്റ്റിനെ പുറത്തെടുത്തത്.

നാഗര്‍കോവിലില്‍ നിന്നാണ് ഏണസ്റ്റ് ട്രെയിനിൽ കയറിയത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇദ്ദേഹം അബദ്ധത്തിൽ ബോഗി മാറി സ്ലീപ്പര്‍ കോച്ചിലായിരുന്നു കയറിയത്. പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിയശേഷമാണ് ബോഗി മാറിക്കയറിയതായി മനസ്സിലായത്. തുടര്‍ന്ന് പാറശ്ശാല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിൻ വേഗത കുറച്ചപ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. എന്നാൽ, കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു.

ഏപ്രിൽ 28ന് ധനുവച്ചപുരം റെയില്‍വേ സ്റേറഷനിൽ നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ച 57കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരണപ്പെട്ടിരുന്നു. പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കെ.എസ്. കുമാരി ഷീബ ആണ് മരിച്ചത്. രാവിലെ 8.15ന് കൊച്ചുവേളി -നാഗര്‍കോവില്‍ എക്‌സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരെ കയറ്റി മുന്നോട്ട് നീങ്ങവേ ഓടി കയറാൻ ശ്രമിച്ചപ്പോൾ കുമാരി ഷീബ വഴുതി വീഴുകയായിരുന്നു.

Tags:    
News Summary - Miraculous escape for man stuck between train and platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.