പേരൂര്‍ക്കട: നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ല കലക്ടര്‍ ജെറോമിക് ജോര്‍ജ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ല കലക്ടറുടെ നേതൃത്വത്തില്‍ കുടപ്പനക്കുന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച നിർദേശം. വഴുതക്കാട് ഫോറസ്റ്റ് ഓഫിസ് ജങ്ഷന്‍മുതല്‍ ബേക്കറി ജങ്ഷന്‍വരെയുള്ള റോഡ്, സ്റ്റാച്യു-ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, നോര്‍ക്ക-ഗാന്ധിഭവന് റോഡ് എന്നിവയുടെ നിർമാണം വേഗം പൂര്‍ത്തീകരിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്കി.
പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആല്‍ത്തറ-ചെന്തിട്ട റോഡ്, കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ് എന്നിവയുടെ ഡ്രൈനേജ് ജോലി ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പബ്ലിക് ലൈബ്രറി-നന്ദാവനം റോഡ്, എസ്.എസ് കോവില്‍ റോഡ്, അംബുജ വിലാസം റോഡ്, ന്യൂ തിയറ്റര്‍ റോഡ് എന്നിവയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ചാല റോഡിന്റെ നിർമാണ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി അടുത്തയാഴ്ച അവലോകനയോഗം ചേരാനും തീരുമാനമായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി. ജയമോഹന്, ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.