പേരൂര്‍ക്കട: കാലങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ ജലാശയ തീരങ്ങളിൽ സമൃദ്ധമായി വളര്‍ന്നിരുന്ന കൈതോല ചെടികളും കൈതോല പൂക്കളും ഇന്ന് അന്യമായി കൊണ്ടിരിക്കുന്നു. പനയോലയില്‍ നിർമിച്ചിരുന്ന പനമ്പുകള്ക്ക് പുറമേ, ഏറ്റവും കൂടുതല്‍ പനമ്പുകളും വട്ടികളും നിർമിച്ചിരുന്നത് കൈതോലകളിലായിരുന്നു. ജലാശയ തീരങ്ങളില്‍ സുലഭമായി കണ്ടിരുന്ന കൈത ചെടികള്‍ ഇന്ന് കാണാനില്ല. കൈതോല ഉല്പന്നങ്ങളും അന്യമായി.
കൈതോലകളില്നിന്നു നിർമിക്കുന്ന പായ്, വട്ടി, കുട്ട, ബാഗ് തുടങ്ങിയ വസ്തുക്കള്‍ക്ക് മുന്‍കാലങ്ങളില്‍ നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും വിപണികളില്‍ വന്‍ ഡിമാൻഡ് ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ അവയെല്ലാം കിട്ടാ കനിയായി. മുളളുകള്‍ നിറഞ്ഞ കൈതോലകള്‍ ശേഖരിച്ച് മുളളുകള്‍ മാറ്റി കീറി ഉണക്കിയോ തിളച്ച വെളളത്തില്‍ പുഴുങ്ങി ഉണക്കിയ ശേഷമാണ് ഉല്പന്നങ്ങളുടെ നിര്‍മിതിക്ക് വിനിയോഗിച്ചിരുന്നത്. ഏറെ ശ്രമകരമായ പണിയാണ് ഈ നിര്‍മിതി. അതിന് വൈദഗ്ധ്യം നേടിയ തൊഴിലാളികളും വേണമായിരുന്നു.
പുതിയ തലമുറക്ക് ഈ തൊഴിലിനോട് താല്പര്യം ഇല്ലാഞ്ഞതിനാല്‍ കൈതോല ഉല്പന്നങ്ങള് വിപണികളില്‍ കിട്ടാതെ വന്നു. തുടര്‍ന്ന് കര്‍ഷകര്‍ കൈതച്ചെടികള്‍ വെട്ടി തീയിടുകയോ മണ്ണിനടിയില്‍ കുഴിച്ചിടുകയോ ഉണ്ടായി. ആസിഡ്-അമ്ലങ്ങള്‍ തളിച്ചാൽ ഒരാഴ്ചയ്ക്കുളളില്‍ കൈതോലകള്‍ ഉണങ്ങും. തുടര്‍ന്ന് ഉടമകള്‍ അവയെ കത്തിച്ച് ചാരമാക്കും.
അങ്ങനെ കൈതോല ചെടികളും ഉല്പന്നങ്ങളും നാട്ടില്‍നിന്നും വിപണികളില്‍നിന്നും പൂര്‍ണമായും തുടച്ചു നീക്കി. ഉല്പന്നങ്ങളില് വിവിധ നിറത്തിലുള്ള ചായങ്ങള്‍ പുരട്ടി അനേകം ഡിസൈനുകളില്‍ വിപണികളിലെത്തുമ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. ചോദിക്കുന്ന വിലയും ലഭിച്ചിരുന്നു. അവ മാര്‍ക്കറ്റില്‍ ലഭ്യമല്ലാതെ വന്നപ്പോള്‍ ജനം കൈതോല ഉല്പന്നങ്ങളെ പാടെ മറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.